കായംകുളം: കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചെന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കൃഷ്ണപുരം ഞക്കനാല്‍ അനൂപ് ഭവനത്തില്‍ അനൂപ് ശങ്കര്‍ (28), സഹോദരന്‍ അഭിമന്യു ( സാഗര്‍ -24), പത്തിയൂര്‍ എരുവ പുല്ലംപ്ലാവില്‍ ചെമ്പക നിവാസില്‍ അമല്‍ (ചിന്തു -24) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയായ രാഹുല്‍ എന്ന യുവാവ് കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
കൃഷ്ണപുരം കാപ്പില്‍ കിഴക്ക് പ്രസാദ് ഭവനത്തില്‍ അരുണ്‍പ്രസാദ് (26) എന്ന യുവാവിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. കാപ്പാ കേസ് പ്രതിയുടെ താഴെ വീണ മൊബൈല്‍ ഫോണ്‍ പൊലീസില്‍ ഏല്‍പ്പിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കഴിഞ്ഞ 16ന് ആക്കനാട് കോളനിയുടെ വടക്കുവശമുള്ള ഗ്രൗണ്ടില്‍ വച്ചും അതിന് സമീപമുള്ള റെയില്‍വേ ട്രാക്കിന് സമീപത്ത് വച്ചും അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്.
കേസിലെ ഒന്നാം പ്രതി അനൂപ് 17 ഓളം കേസുകളില്‍ പ്രതിയും ഗുണ്ടയും കാപ്പാ നിയമപ്രകാരം ജയിലില്‍ കിടന്ന ആളുമാണ്. ഇയാളുടെ അനുജന്‍ അഭിമന്യുവും ഗുണ്ടയും കാപ്പാ നിയമ പ്രകാരം ജയില്‍ വാസം അനുഭവിക്കുകയും ചെയ്തയാളാണ്. നിലവില്‍ ആലപ്പുഴ ജില്ലയില്‍ നിന്നും കാപ്പാ നിയമപ്രകാരം നാടു കടത്തപ്പെട്ടയാളാണ് അമല്‍. മൂന്നാം പ്രതിയായ രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.