കൊയിലാണ്ടി: കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ ചത്ത കുതിരയുടെ ജഡം വയനാട്ടിലേക്ക് മാറ്റി
. പോസ്റ്റ്മോർട്ടത്തിനും സ്രവ പരിശോധനക്കുമായിട്ടാണ് കുതിരയെ വയനാട് പൂക്കോട് വെറ്റിനറി കോളേജിലേക്ക് കൊണ്ടുപോയതെന്ന് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അറിയിച്ചു. കഴിഞ്ഞ മാസം 19 -നാണ് പേബാധയുള്ള നായ കുതിരയേയും പ്രദേശത്തെ വളർത്തുമൃഗങ്ങളേയും കടിച്ചത്. അതിനെ തുടർന്ന് കടിയേറ്റ കുതിരയടക്കമുള്ള മൃഗങ്ങൾക്ക് അഞ്ച് തവണ വാക്സിനേഷൻ നല്കിയിരുന്നു.
എന്നാൽ കഴിഞ്ഞ 4 നാണ് കുതിരയ്ക്ക് അവശത അനുഭവപ്പെട്ടത്. സീനിയർ വെറ്റിനറി ഡോക്ടർ സ്ഥലത്തെത്തി കുതിരയെ പരിശോധിച്ചതിൽ നിന്ന് പേവിഷബാധ ലക്ഷണമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ കടിയേറ്റ കുതിരയെ ഉപയോഗിച്ച് ഓണക്കാലത്ത് സവാരി നടത്തിയിരുന്നു. വെറ്റിനറി ഡോകടറുടെ നിർദ്ദേശപ്രകാരം കുതിരയെ നിരീക്ഷിക്കുന്നതിനിടയിലാണ് ഇന്ന് പുലർച്ചെ കുതിര ചത്തത്. പൂക്കോട്ട് വെറ്റിനറി കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ആവശ്യമെങ്കിൽ കണ്ണൂരിലെ മൃഗങ്ങൾക്കായുള്ള ഡിസീസസ് ഡയഗ്നോസിസ് സെന്ററിലേത്ത് ആന്തരിക അവയവങ്ങൾ അയക്കും. അതിനിടെ കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ച് കുതിര സവാരിയിൽ ഏർപ്പെട്ടവർ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.