താമരശ്ശേരി: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ പെരുമ്പള്ളിക്ക് സമീപം കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. അമ്പായത്തോട് മിച്ചഭൂമി സ്വദേശികളായ രാജു (57), ഭാര്യ അംബിക (55), മകൻ അഖിൽ (32), മരുമകൾ ശ്രീഷ്മ (27), എട്ടുമാസം പ്രായമുള്ള കൊച്ചുപേരക്കുട്ടി നിഹാര എന്നിവർക്കാണ് പരിക്കേറ്റത്.
ഈങ്ങാപ്പുഴ ഭാഗത്തുനിന്ന് താമരശ്ശേരിയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയിലേക്ക് റോഡരികിലെ കാടിനുള്ളിൽ നിന്ന് കാട്ടുപന്നി പാഞ്ഞടുത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു. പരിക്കേറ്റവരെ ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് രാജു, അഖിൽ, അംബിക എന്നിവരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
