തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ബസിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ. നിമിഷ നേരംകൊണ്ട് ഉണ്ടായ അപകടത്തിൽ ബസ് കാത്തിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ചിരുന്നു. കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ ഇന്ന് വൈകിട്ടായിരുന്നു ദാരുണ സംഭവം. ബസ് കാത്ത് നിൽക്കുകകയായിരുന്ന അഭന്യ (18)യെ അപകട ശേഷം ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ തിരികെ പിടിക്കാനായില്ല. കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഭന്യ. ഫോൺ ചെയ്യാനായി കെ എസ് ആർ ടി സി സ്റ്റാന്റിൽ ഒരു ഭാഗത്തേക്ക് മാറിനിൽക്കുകയായിരുന്നു അഭന്യ. ഈ സമയത്താണ് വിഴിഞ്ഞം ഭാഗത്തു നിന്ന് വന്ന കെ എസ് ആർ ടി സി ബസ് സ്റ്റാന്റിലെത്തിയത്.
ബസ് സ്റ്റാന്റിൽ പതിയെ നിർത്തി. എന്നാൽ നിമിഷ നേരംകൊണ്ട് അപ്രതീക്ഷിതമായി ബസ് മുന്നോട്ട് പായുകയായിരുന്നു. മുന്നോട്ടുപോയ ബസിനും അവിടെയെുണ്ടായിരുന്ന കടയുടെ തൂണിനും ഇടയിൽപെട്ട് അഭന്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ അഭന്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചിട്ടും കുട്ടിയുടെ ജീവൻ നഷ്ടമാവുകയായിരുന്നു.
അപകടത്തിന് പിന്നാലെ കെഎസ്ആർടിസി ജീവനക്കാരെ ബസ് സ്റ്റാന്റിലുണ്ടായിരുന്ന രോഷാകുലരായ യാത്രക്കാർ കൈയ്യേറ്റം ചെയ്തു. സ്ഥലത്ത് സംഘർഷമുണ്ടായി. പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് ആരോപിച്ച് യാത്രക്കാരായ നാട്ടുകാരും വിദ്യാർത്ഥികളും ബസ് സ്റ്റാന്റിൽ സംഘടിക്കുകയായിരുന്നു. ഇതിനിടെ ഡ്രൈവർ കെഎസ്ആർടിസി സൂപ്രണ്ടിന്റെ ഓഫീസ് മുറിയിലേക്ക് ഓടിക്കയറി. ഇയാളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടായിരുന്നു വാക്കുതർക്കം ഉടലെടുത്തത്. പിന്നീട് പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.