ശ്രീനഗർ: കശ്മീരിലെ വിനോദസഞ്ചാരത്തെ ‘സാംസ്കാരിക അധിനിവേശ’മെന്ന് വിശേഷിപ്പിച്ച് ശ്രീനഗർ എം.പി ആഗ റൂഹുല്ല മെഹ്ദി. താഴ്‌വരയുടെ സമ്പദ്‌വ്യവസ്ഥക്ക് ടൂറിസം എത്രത്തോളം പ്രധാനമാണെന്ന് ചൂണ്ടിക്കാണിക്കാൻ ബി.ജെ.പിയോടും അഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ നാഷനൽ കോൺഫറൻസിനോടും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഇപ്പോൾ എന്താണ് സംഭവിക്കുന്നത്. ഉദ്ദേശ്യവും രൂപകൽപ്പനയും അനുസരിച്ച് അവർ ടൂറിസം എന്ന് വിളിക്കുന്നത് എന്റെ കാഴ്ചപ്പാടിൽ ടൂറിസമല്ല. ഇത് ഒരു സാംസ്കാരിക അധിനിവേശമാണ്’ -മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുമായി തർക്കത്തിലായ മെഹ്ദി ഒരു പ്രാദേശിക ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യ ഒരു ‘ഹിന്ദു പാകിസ്താനാ’യി മാറിയെന്നും മെഹ്ദി ചാനലിനോടു പറഞ്ഞു. അഭിമുഖം സംപ്രേക്ഷണം ചെയ്ത് 24 മണിക്കൂറുകൾ പിന്നിട്ടെങ്കിലും ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാഷനൽ കോൺഫറൻസ് മെഹ്ദിയുടെ അഭിപ്രായത്തോട് പ്രതികരിച്ചിട്ടില്ല.
2024ൽ 30 ലക്ഷം വിനോദസഞ്ചാരികൾ കശ്മീർ സന്ദർശിച്ചതായും 2023നെ അപേക്ഷിച്ച് 5 ലക്ഷം കൂടുതൽ വിനോദസഞ്ചാരികൾ എത്തിയതായും ജമ്മു കശ്മീരിലെ ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.
അതേസമയം, മെഹ്ദിക്കെതിരെ നടപടിയെടുക്കണമെന്ന് നാഷണൽ കോൺഫറൻസിനോട് ആവശ്യപ്പെട്ട് ബി.ജെ.പി കടുത്ത വിമർശനവുമായി രംഗത്തെത്തി. മെഹ്ദിയുടെ പരാമർശങ്ങൾ പ്രദേശത്തിന്റെ സമാധാനത്തിനും പുരോഗതിക്കും ഹാനികരമാണെന്ന് ജമ്മു കശ്മീർ ബി.ജെ.പി മുഖ്യ വക്താവ് സുനിൽ സേത്തി പ്രതികരിച്ചു.
ടൂറിസം മേഖലയുടെ പുനരുജ്ജീവനം കശ്മീരിന്റെ അഭിവൃദ്ധിയിലും പ്രാദേശിക ജനതയുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ഗണ്യമായ സംഭാവന നൽകിയതായി സേതി പറഞ്ഞു. മെഹ്ദിയുടെ പ്രസ്താവന വിനോദസഞ്ചാര മേഖലയെ ഭയപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയെ തകർക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് സേതി ആരോപിച്ചു.