കോവളത്ത് കടലിൽ ഇറങ്ങുന്നതിന് വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. ആലപ്പുഴയിൽ പുറക്കാട്, വളഞ്ഞവഴി, പള്ളിത്തോട് പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷം. തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് 5 തൊഴിലാളികൾ കടലിൽ വീണു. 5 പേരെയും രക്ഷപെടുത്തി. രണ്ട് ദിവസം കൂടി കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരത്തിന് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. വിവിധയിടങ്ങളിൽ തീരത്തുനിന്ന് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പുത്തൻതോപ്പ്, അടിമലത്തുറ, പൊഴിയൂർ, പൂന്തുറ, വർക്കല, കൊല്ലത്ത് ആലപ്പാട് വെള്ളനാതുരുത്ത്, ചെറിയഴീക്കൽ, അഴീക്കൽ ബീച്ച്, കൊല്ലം ബീച്ച്, ആലപ്പുഴയിൽ പുറക്കാട്, വളഞ്ഞവഴി, പള്ളിത്തോട് തൃശൂരിൽ പെരിഞ്ഞനം എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമായിരുന്നു.
കള്ളക്കടൽ പ്രതിഭാസം
ഇന്ത്യൻ മഹാസമുദ്രത്തിന്റെ ദക്ഷിണ മേഖലയിൽ ഉണ്ടാകുന്ന കാറ്റ് ശക്തമായ തിര സൃഷ്‌ടിക്കുന്ന പ്രതിഭസമാണ് കള്ളക്കടൽ. ഞായറാഴ്ച വിവിധ തീരങ്ങളിലുണ്ടായ കടലേറ്റം ഇത് കാരണമാകാമെന്നാണ് അനുമാനം. സമുദ്രത്തിന്റെ 4000 മുതൽ 5000 കിലോമീറ്റർ ഉള്ളിൽ ഉണ്ടാകുന്ന കാറ്റ് ന്യുനമർദമോ ചുഴലിക്കാറ്റോ ആയി മാറാതെ ശക്തമായ തിരയിളക്കത്തിന് കാരണമാകും. അപ്രതീക്ഷിതമായി തീരമെടുക്കുന്ന ഈ പ്രതിഭാസം “കള്ളക്കടൽ’ എന്ന പേരിലാണ് മത്സ്യത്തൊഴിലാളികൾക്കിടയിൽ അറിയപ്പെടുന്നത്. കള്ളക്കടൽ രൂപപ്പെടുന്നതോടെ തീരം ഉള്ളിലേക്ക് വലിയുകയും പിന്നീട് വൻ തിരമാലകൾ തീരത്ത് അടിച്ചുകയറുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. വേലിയേറ്റ സമയത്ത് കള്ളക്കടൽ തിരകൾ കൂടി എത്തുന്നതോടെ കടലാക്രമണം ശക്തമാകും. എന്നാൽ ആഴക്കടലിൽ ഈ പ്രതിഭാസത്തിന്റെ ശക്തി വളരെ കുറവായിരിക്കും. അപ്രതീക്ഷിതമായി എത്തി തീരം വീഴുങ്ങുന്നതിനാലാണ് ഈ പ്രതിഭാസത്തെ തീരവാസികൾ “കള്ളക്കടൽ’ എന്ന പേരിട്ട് വിളിക്കുന്നത്.