കളിക്കുന്നതിനിടെ ഫലസ്തീനി കുട്ടിയെ ഇസ്രായേൽ ​സൈനികൻ നെഞ്ചിൽവെടിവെച്ച് കൊന്നു; കൊലപാതകിയെ അഭിനന്ദിച്ച് ഇസ്രായേൽ മന്ത്രി

news image
Mar 13, 2024, 3:42 am GMT+0000 payyolionline.in

തെൽഅവീവ്: കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന 13 വയസ്സുള്ള ഫലസ്തീൻ ബാലനെ ആളുകൾ നോക്കിനിൽക്കെ ഇസ്രായേൽ സൈനികൻ വെടിവെച്ചു കൊന്നു. കൊടുംക്രൂരത ചെയ്ത​ സൈനികനെ അഭിനന്ദിച്ച് ഇസ്രായേൽ മന്ത്രി രംഗത്തെത്തി.

ഷുഫാത്ത് അഭയാർഥി ക്യാമ്പ് ചെക്ക് പോയിൻറിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. 13 വയസ്സുള്ള റാമി ഹംദാൻ അൽ ഹൽഹുലി എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കൂട്ടുകാർക്കൊപ്പം പടക്കംപൊട്ടിച്ച് കളിക്കുകയായിരുന്നു റാമി ഹംദാൻ. ഇതിനിടെ സ്ഥലത്തെത്തിയ ഇസ്രായേൽ പട്ടാളക്കാരൻ തൊട്ടടുത്ത് നിന്ന് കുട്ടിയുടെ നെഞ്ചിലേക്ക് വെടിയുതിർക്കുകയായിരുന്നു. നിന്ന നിൽപ്പിൽ റോഡിൽ പിടഞ്ഞുവീണ റാമിയെ ഇസ്രായേൽ സേന തന്നെ എടുത്ത് അജ്ഞാത സ്ഥ​ലത്തേക്ക് ​കൊണ്ടുപോയി. പിന്നീട് മരണപ്പെട്ടതായി അറിയിക്കുകയായിരുന്നു.

ബാലനെ കൊലപ്പെടുത്തിയ ഇസ്രായേൽ സൈനികനെ ഇസ്രായേലിലെ തീവ്ര വലതുപക്ഷ വാദിയും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻഗ്വിർ ആണ് അഭിനന്ദിച്ചത്. ഇസ്രായേൽ സൈനികരുടെ ജീവൻ അപകടത്തിലാക്കിയ “ഭീകരൻ” ആണ് റാമി ഹംദാൻ എന്നും അവനുനേരെ വെടിയുതിർത്ത സൈനികനെ സല്യൂട്ട് ചെയ്യുന്നു എന്നും ഇറ്റാമിർ എക്സിൽ പോസ്റ്റ് ചെയ്തു.

കടുത്ത മുസ്‍ലിം, ഫലസ്തീൻ വിരുദ്ധ നിലപാടുകൾ പരസ്യമായി സ്വീകരിക്കുന്ന യാഥാസ്ഥിക സയണിസ്റ്റ് നേതാവാണ് ബെൻ ഗ്വിർ. ഗസ്സയിൽനിന്ന് ഫലസ്തീനികളെ പൂർണമായും ഒഴിപ്പിച്ച് നാടുകടത്തണമെന്ന് നേരത്തെ ഇയാൾ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം മസ്ജിദുൽ അഖ്സ സന്ദർശിച്ച് വൻനയതന്ത്ര കോലാഹലങ്ങളും ഗ്വിർ സൃഷ്ടിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe