കൊല്ലം: കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കലോത്സവത്തിൽ അപ്പീൽവഴി എത്തുന്നവരുടെ എണ്ണം വർധിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കോടതികളിൽനിന്ന് 127 പേരും ഡെപ്യൂട്ടി ഡയറക്ടർമാർക്ക് ലഭിച്ച അപ്പീലിന്റെ അടിസ്ഥാനത്തിൽ 259 പേരുമടക്കം ആദ്യ രണ്ടുദിവസം 2051 വിദ്യാർഥികൾ മത്സരത്തിനെത്തി. ഇതിൽ 1303 ആൺകുട്ടികളും 748 പെൺകുട്ടികളുമാണ്.
ഓരോ മത്സരത്തിനും ഒരു ജില്ലയിൽനിന്ന് ഒരു ടീം അല്ലെങ്കിൽ മത്സരാർഥി പങ്കെടുക്കുമെന്ന ക്രമത്തിലാണ് കലോത്സവ ഷെഡ്യൂൾ തയ്യാറാക്കുന്നത്. അതിൽ വ്യത്യാസം വരുന്നത് അപ്പീലുകൾ പരിഗണിക്കുമ്പോഴാണ്. കലോത്സവ മാന്വൽപ്രകാരം ഓരോ ജില്ലയിലെയും ഡെപ്യൂട്ടി ഡയറക്ടർമാർക്ക് ലഭിക്കുന്ന അപ്പീലുകൾ അംഗീകരിച്ചാൽ അവ ജനറൽ ലിസ്‌റ്റിൽ വരും. ഇവരെ ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നതിനാൽ എണ്ണം കൃത്യമായി അറിയാം.
എന്നാൽ, കോടതിവഴി എത്തുന്നവരുടെ എണ്ണം അറിയാത്തതിനാൽ മത്സരങ്ങൾ നീളുന്നു. മാന്വൽ പരിഷ്‌കരിക്കുമ്പോൾ അപ്പീലുകളുടെ കാര്യത്തിൽ പ്രായോഗിക തീരുമാനം എടുക്കാനാണ് ആലോചനയെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.