കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മൃദംഗ വിഷന്‍ എംഡി എം നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം. ഏഴാം തീയതി വരെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കേസിലെ മറ്റു പ്രതികളായ ഷമീർ അബ്ദുൽ റഹീം, ബെന്നി, കൃഷ്ണകുമാർ എന്നിവർക്കും കോടതി ജാമ്യം നീട്ടി നൽകി നൽകി. നികോഷ് കുമാറിന് ഇടക്കാല ജാമ്യം നൽകിയ ഹൈക്കോടതി 7 ന് ജാമ്യാപേക്ഷയിൽ വിധി പറയും.
ജാമ്യ ഹർജിക്കിടെ പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിൽ ശക്തമായ വാദം നടന്നു. സ്റ്റേജ് അശാസ്ത്രീയമായി നിർമ്മിച്ചുവെന്നും സുരക്ഷ പാലിക്കാത്തത് അപകടത്തിന് വഴിയൊരുക്കിയൊന്നും പ്രോസിക്യൂഷൻ വാദിച്ചു. മതിയായ പാസ്സേജും കൈവരിയും ഇല്ലായിരുന്നു.10 അടി താഴ്ചയിൽ വീഴാനുള്ള എല്ലാ അവസരവും അവിടെ ഒരുക്കി. ഉപേക്ഷയോടും അശ്രദ്ധയോടും സ്റ്റേജ് നിർമ്മിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. മതിയായ നീളവും വീതിയും സുരക്ഷയും ഉണ്ടായിരുന്നുവെന്നും പരിപാടിക്ക് മുൻപ് പൊലീസ് പരിശോധന നടത്തണമല്ലൊയെന്നും പ്രതിഭാഗവും വാദിച്ചു. വിഐപികൾ പങ്കെടുത്ത ചടങ്ങിൻ്റെ സുരക്ഷ പൊലീസ് പരിശോധിക്കണം. പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിരുന്നു. മന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അവിടെ ഉണ്ടായിരുന്നല്ലൊ. 308-ാം വകുപ്പ് ചുമത്തേണ്ട ഒരു കാര്യവും ഇല്ലെന്നും പ്രതിഭാഗം വാദിച്ചു. പ്രശ്നം ഉണ്ടെങ്കിൽ അവർ പറയണമെന്നും അപകടം നടന്നിട്ട് തങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നുമായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം.
പാലാരിവട്ടം പൊലീസ് റജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് മൂന്ന് പ്രതികള്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. സ്റ്റേഡിയം അപകട കേസിലാണ് എം നിഗോഷ് കുമാര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഈ സാഹചര്യത്തില്‍ സാമ്പത്തിക തട്ടിപ്പ് കേസിലെ അറസ്റ്റും പാലാരിവട്ടം പൊലീസ് രേഖപ്പെടുത്തിയക്കും. കൊച്ചിയിലെ പരിപാടിക്ക് പണം നല്കി വഞ്ചിതരായെന്ന് ചൂണ്ടിക്കാണിച്ച് കൂടുതല്‍ ആളുകള്‍ പൊലീസിനെ സമീപിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മൃദംഗ വിഷന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. ഇതിനായി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. മൃദംഗ വിഷന്റെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചു. പണമിടപാടുകള്‍ ആദായ നികുതി വകുപ്പും പരിശോധിക്കുന്നുണ്ട്. സംഘാടകരായ മൃദംഗവിഷനുമായി സഹകരിച്ച മറ്റ് ഏജന്‍സികളേയും വ്യക്തികളുടേയും മൊഴികളും പൊലീസ് എടുക്കും.
നൃത്ത പരിപാടിയുടെ സാമ്പത്തിക ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ നൃത്താവതരണത്തിന് നേതൃത്വം നല്കിയ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയത് പൊലീസിന് തിരിച്ചടിയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ദിവ്യ ഉണ്ണി അമേരിക്കയിലാണ് സ്ഥിര താമസം. കേസിലെ പ്രതികളുടെ മൊഴിയെടുത്ത ശേഷം ആവശ്യമെങ്കില്‍ ദിവ്യ ഉണ്ണിയെ തിരികെ വിളിപ്പിക്കാനാണ് പൊലീസ് തീരുമാനം.