കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസ്; ചോദ്യം ചെയ്യലിന് ഇഡി നോട്ടീസ് കിട്ടിയിട്ടില്ലെന്ന് എം.എം. വർഗീസ്

news image
Nov 8, 2023, 5:43 am GMT+0000 payyolionline.in

തൃശൂർ: കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് കിട്ടിയിട്ടില്ലെന്ന് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്. പത്രത്തിലൂടെയാണ് വാർത്തകൾ അറിഞ്ഞത്. അന്വേഷണവുമായി സഹകരിക്കുമെന്നും എം എം വർഗീസ് പറഞ്ഞു.

അറിയിപ്പ് ലഭിച്ചിട്ടില്ല. വാർത്തകൾ വന്നതായി അറിഞ്ഞു. പത്രത്തിലാണ് വായിക്കുന്നത്. കരുവന്നൂരുമായി ബന്ധപ്പെട്ട് അവരന്വേഷിക്കട്ടെ. അന്വേഷണവുമായി സഹകരിക്കുമെന്നും വർ​ഗീസ് പറഞ്ഞു. ഇഡിയെ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണ്. ഇടത് രാഷ്ട്രീയത്തിനെതിരായ കടന്നാക്രമണമാണ് ഇഡി അന്വേഷണം. കരുവന്നൂർ ഇഡി അന്വേഷണത്തിൽ ആർഎസ്എസിനൊപ്പമാണ് കോൺഗ്രസ്. അന്വേഷണം സിപിഎം നിയമപരമായും രാഷ്ട്രീയമായും നേരിടും. സിപിഎമ്മിന് മറച്ചുവയ്ക്കാൻ ഒന്നുമില്ല. സുതാര്യമായാണ് പാർട്ടി കൈകാര്യം ചെയ്തത്. അഴിമതി നടത്തിയവർക്കെതിരെ കർശന നിലപാടാണ് പാർട്ടി എടുക്കുക. സഹകരണ മേഖലയെ പൊളിച്ചു നാശപ്പെടുത്തുന്ന ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്നും എം.എം. വർഗീസ് കൂട്ടിച്ചേർത്തു.

അതേസമയം, തിരുവനന്തപുരം കണ്ടല സർവ്വീസ് ബാങ്കിലും ഇഡി പരിശോധന നടക്കുകയാണ്. ബാങ്കിലെ മുൻ സെക്രട്ടറിമാരുടെ വീടുകളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. ബാങ്കിലെ മുൻ സെക്രട്ടറിമാരായ ശാന്തകുമാരി രാജേന്ദ്രൻ, മോഹന ചന്ദ്രൻ എന്നിവരുടെ വീട്ടിലും കളക്ഷൻ ഏജന്റ് അനിയുടെ വീട്ടിലുമാണ് ഇ.ഡി പരിശോധന. ഇന്ന് പുലർച്ചെ അഞ്ചരമണിയോടെയാണ് എറണാകുളത്ത് നിന്നെത്തിയ ഇ.ഡി സംഘം വീടുകളിൽ പരിശോധന ആരംഭിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe