തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരിലേക്കും നീളുന്നു. റബ്കോ എംഡിക്കും സഹകരണ രജിസ്ട്രാർക്കും ഇഡി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ഐഎഎസ് ഉദ്യോഗസ്ഥനായ ടിവി സുഭാഷാണ് സഹകരണ രജിസ്ട്രാർ. നാളെയാണ് ഇരുവരോടും ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കരുവന്നൂർ ബാങ്ക് റബ്കോയിൽ പണം നിക്ഷേപിച്ചിരുന്നു. പ്രതിസന്ധി ഉയർന്ന പശ്ചാത്തലത്തിൽ ഈ നിക്ഷേപം തിരികെ വാങ്ങാനുള്ള ആലോചനകൾ നടന്നിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ബാങ്കിൽ തട്ടിപ്പ് ആരോപണം ഉയർന്നതിന് പിന്നാലെ സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനയും അന്വേഷണവും നടന്നിരുന്നു.
പിവി ഹരിദാസനാണ് റബ്കോ എംഡി. അതിനിടെ ഇന്ന് കേസിൽ കോടതിയിൽ ഹാജരാക്കിയ പ്രതികളായ അരവിന്ദാക്ഷനെയും ജിൽസിനെയും വീണ്ടും ഇഡി കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് റിമാന്റിൽ വിട്ടത്. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡിയും ആറ് ശബ്ദരേഖ കേൾപ്പിച്ച് 13 ശബ്ദരേഖ കേൾപ്പിച്ചതായി ഇഡി രേഖകളിൽ ഒപ്പിടുവിച്ചെന്ന് അരവിന്ദാക്ഷനും കോടതിയിൽ പറഞ്ഞു. കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 12 ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചിട്ടില്ലെന്ന് അരവിന്ദാക്ഷനും ജിൽസും കോടതിയിൽ വ്യക്തമാക്കി. 13 ശബ്ദരേഖകൾ കേൾപ്പിച്ചുവെന്ന് എഴുതി ഒപ്പിടുവിച്ചുവെന്നും 6 ശബ്ദരേഖകൾ മാത്രമാണ് കേൾപ്പിച്ചതെന്നും അരവിന്ദാക്ഷൻ കുറ്റപ്പെടുത്തി. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷൻ നടത്തിയ ഫോൺ സംഭാഷങ്ങളിലെ ശബ്ദം അരവിന്ദാക്ഷന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചതായും എന്നാൽ ഒന്നും ഓർമ്മയില്ലെന്ന് അരവിന്ദാക്ഷൻ മറുപടി നൽകുന്നതായും ഇഡി അഭിഭാഷകൻ കോടതിയോട് പറഞ്ഞു.