തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ.സി മൊയ്തീൻ എം.എൽഎയെ എൻഫോഴ്സ്മെന്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിയ്ക്ക് കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. പത്ത് വർഷത്തെ നികുതി രേഖകളും ബാങ്ക് ഇടപാട് രേഖകളും സഹിതം ഹാജരാകാനാണ് ഇഡി നൽകിയ നിർദ്ദേശം. കരുവന്നൂർ ബാങ്കിൽ നിന്ന് ബെനാമികൾ വ്യാജ രേഖകൾ ഹാജരാക്കി ലോൺ നേടിയത് എ.സി മൊയ്തീനിന്റെ ശുപാർശപ്രകാരമാണെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
കേസിൽ അന്വേഷണം നേരിടുന്ന മുൻ മാനേജർ ബിജു കരീമിന്റെ ബന്ധുകൂടിയാണ് എ.സി മൊയ്തീൻ. ബെനാമി ലോൺ തട്ടിപ്പിന്റെ ആസൂത്രകൻ സതീഷ് കുമാറുമായി എ.സി മൊയ്തീനിന് അടുത്ത ബന്ധമുണ്ടെന്നും സതീഷ് സിറ്റിംഗ് എംഎൽഎയുടെയും മുൻ എംപിയുടെയും ബെനാമിയാണെന്നും. ഇഡി വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ സിപിഎം കൗൺസിലർ അനൂപ് ഡേവിഡ് കാട, എംപി അരവിന്ദാക്ഷൻ, സതീഷ് കുമാറിന്റെ ഇടനിലക്കാരൻ ജിജോർ അടക്കമുള്ളവരോടും ഇന്ന് വീണ്ടും ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ, കരുവന്നൂര്‍ തട്ടിപ്പില്‍ വടക്കാഞ്ചേരിയിലെ കൂടുതല്‍ പ്രാദേശിക സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീങ്ങുന്നു. പതിനാല് കോടിയിലേറെ ബിനാമി വായ്പകളിലൂടെ സതീശന് തട്ടിയെടുക്കാന്‍ അവസരമൊരുക്കിയത് വടക്കാഞ്ചേരി കേന്ദ്രീകരിച്ച സിപിഎം നേതാക്കളാണെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്. നേരത്തെ ജനപ്രതിനിധികളായ അരവിന്ദാക്ഷന്, മധു എന്നിവരെയും ജിജോറെന്ന മറ്റൊരാളെയും ചോദ്യം ചെയ്തിരുന്നു. ഇവരാണ് സതീശന്റെയും എ.സി മൊയ്തീന്റെയും ഇടനിലക്കാരായി നിന്നതെന്നാണ് ഇഡിക്ക് ലഭിച്ച വിവരം.
കരുവന്നൂര്‍ തട്ടിപ്പില്‍ എ.സി. മൊയ്തീനൊപ്പം പങ്കാളിയാണ് മുന്‍ എംപി പി.കെ. ബിജുവെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ഇന്നലെ ആരോപിച്ചിരുന്നു. ബിനാമി ഇടപാടില്‍ മുന്‍ എംപിയ്ക്ക് പങ്കുണ്ടെന്ന ഇഡി വെളിപ്പെടുത്തലിന് പിന്നാലെയാണ് പി.കെ. ബിജുവിനെതിരെ അനില്‍ അക്കര രംഗത്തെത്തിയത്. ബിജുവിന്റെ മെന്ററാണ് പ്രതികളിലൊരാളായ സതീശനെന്നും അക്കര ആരോപിച്ചു.