കരുണാകരനെ സംഘികൾക്ക് വിട്ടുകൊടുക്കാൻ ജീവനുള്ള കാലത്തോളം സമ്മതിക്കില്ല -കെ. മുരളീധരൻ

news image
Mar 9, 2024, 12:19 pm GMT+0000 payyolionline.in

 

കോഴിക്കോട്: കെ. കരുണാകരനെ, അദ്ദേഹത്തിന്റെ ആത്മാവി​ന്റെ മുകളിൽപോലും സംഘി പതാക പുതപ്പിക്കാൻ തങ്ങൾ സമ്മതിക്കില്ലെന്ന് കെ. മുരളീധരൻ. കെ. കരുണാകരനെ സംഘികൾക്ക് വിട്ടുകൊടുക്കാൻ ശരീരത്തിൽ ജീവനുള്ള കാലത്തോളം സമ്മതിക്കി​ല്ലെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, മുരളീധരൻ വ്യക്തമാക്കി.

‘പത്മജ ബി.ജെ.പിയിൽ പോയതുകൊണ്ട് കോൺഗ്രസിന് ഒരു നഷ്ടവുമില്ല. എന്നാൽ, കരുണാകരന്റെ പടം വെച്ച് ചില കളികൾ കളിക്കാൻ ബി.ജെ.പിക്ക് കഴിയുന്നു എന്നതാണ് ദുഃഖം. കെ. കരുണാകരൻ ഏതു പ്രസ്ഥാനത്തെയാണോ അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ എതിർത്തത്, അവർക്ക് അദ്ദേഹത്തിന്റെ ചിത്രം വച്ചൊരു കളി കളിക്കാൻ അവസരമുണ്ടായി. പക്ഷേ, നിലമ്പൂരിലെ കോൺഗ്രസുകാർ ശക്തമായി പ്രതികരിച്ചു. എല്ലായിടത്തും അതേ നിലപാട് തന്നെയായിരിക്കും. കെ. കരുണാകരനെ സംഘികൾക്ക് വിട്ടുകൊടുക്കാൻ ഞങ്ങളുടെ ശരീരത്തിൽ ജീവനുള്ള കാലത്തോളം സമ്മതിക്കില്ല.

ചതി ആരുകാണിച്ചാലും അത് കേരളത്തിന്റെ മണ്ണിൽ ചെലവാകില്ല. കെ. കരുണാകരനെ ഞാൻ വിചാരിച്ചാലും തട്ടിയെടുക്കാൻ കഴിയില്ല. ഒരു കാരണവശാലും കെ. കരുണാകരനെ, അദ്ദേഹത്തിന്റെ ആത്മാവി​ന്റെ മുകളിൽപോലും സംഘി പതാക പുതപ്പിക്കാൻ ഞങ്ങൾ സമ്മതിക്കില്ല’ -മുരളീധരൻ പറഞ്ഞു.

ബി.ജെ.പിയെ എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുകയാണ് കോൺഗ്രസിന്റെ ദൗത്യമെന്ന് മുരളി വ്യക്തമാക്കി. ഒരിടത്തും അവർക്ക് രണ്ടാം സ്ഥാനം കിട്ടാൻ പാടില്ലെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. ബി.ജെ.പി എ ഗ്രേഡ് മണ്ഡലമെന്നു പറയുന്ന എല്ലായിടത്തും ഞങ്ങൾ ശക്തമായിത്തന്നെ രംഗത്തുണ്ടാകും. അവരെ മൂന്നാം സ്ഥാനത്തേക്കയക്കും. കേരളമണ്ണിൽ അവർക്ക് ഇനി നിലംതൊടാൻ കഴിയില്ല.തൃശൂരിൽ പാർട്ടി ഏൽപിച്ച ദൗത്യം സന്തോഷപൂർവം ഏറ്റെടുക്കുന്നു. ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിടുകയും തൃശൂർ സീറ്റ് നിലനിർത്തുകയുമാണ് ലക്ഷ്യം. ബി.ജെ.പിയെ എതിർക്കാനുള്ള ഒരവസരം പോലും ഇന്നുവരെ താൻ പാഴാക്കിയിട്ടി​ല്ലെന്നും മുരളി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe