കരുണയുള്ള മനുഷ്യരാകാൻ പുസ്തകങ്ങൾ സഹായിക്കും; മനുഷ്യരോടുള്ള എമ്പതി വളർത്തലാണ് മാധ്യമപ്രവർത്തനം: ഷാജഹാൻ കാളിയത്ത്

news image
Jun 19, 2026, 11:00 am GMT+0000 payyolionline.in

മേപ്പയ്യൂർ: സമൂഹത്തിലെ മനുഷ്യരോടുള്ള എമ്പതി (സഹാനുഭൂതി) വളർത്തലാണ് യഥാർത്ഥ മാധ്യമപ്രവർത്തനമെന്നും, കരുണയുള്ള മനുഷ്യരായി മാറാൻ പുസ്തകവായന സഹായിക്കുമെന്നും പ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഷാജഹാൻ കാളിയത്ത് അഭിപ്രായപ്പെട്ടു. മേപ്പയ്യൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ ‘കോലായ വായനവേദി’യുടെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുമായി സഹകരിച്ച് നടത്തുന്ന വായനവാരോഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമരംഗത്തെ തന്റെ ദീർഘകാലത്തെ അനുഭവങ്ങൾ പങ്കുവെച്ച അദ്ദേഹം, വിദ്യാർത്ഥികളുടെ വിവിധ ചോദ്യങ്ങൾക്ക് മറുപടിയും നൽകി. ജൂൺ 19 മുതൽ 26 വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് സ്കൂളിൽ വായനവാരത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.

സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൽ എം. സക്കീർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് വി.പി. ബിജു അധ്യക്ഷത വഹിച്ചു. എസ്.എം.സി. ചെയർമാൻ ഷബീർ ജനത്ത്, സ്കൂൾ ഹെഡ്മിസ്ട്രസ് ടി. സുനന്ദ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ടി.കെ. പ്രമോദ് കുമാർ, അധ്യാപകരായ എം. സിനി, എ. സുബാഷ് കുമാർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആർ. അഞ്ജന ചടങ്ങിന് നന്ദി പ്രകാശപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe