തിരുവനന്തപുരം: തൊഴിൽമേഖല ഉൾപ്പെടെ പുതിയ തലമുറയെ പരിചയപ്പെടുത്താൻ എസ്‌സിഇആർടി കരിയർ ബ്രിഡ്‌ജ് കോഴ്‌സ് നടത്തുന്നു. പത്ത്, പ്ലസ്‌ടു വിദ്യാർഥികൾക്കായാണ് 12 ദിവസത്തെ പ്രത്യേക കോഴ്‌സ്. തൊഴിലധിഷ്‌ഠിത കോഴ്‌സുകൾ ഉൾപ്പെടെ ഹയർസെക്കന്ററി, ഡിഗ്രി കോഴ്‌സുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി പ്രത്യേക മൊഡ്യൂൾ തയ്യാറാക്കാൻ എസ്‌സിഇആർടി തീരുമാനിച്ചു.
കേരളത്തിൽ ഹയർസെക്കന്ററി മേഖലയിൽ പുതിയ പാഠ്യപദ്ധതി വരികയാണ്. ഇതിനുള്ള പാഠപുസ്‌തകം തയ്യാറാക്കുന്നുണ്ട്. നേരത്തെ ഒന്നു മുതൽ പത്ത്‌വരെ ക്ലാസുകളിലെ പാഠപുസ്‌തകം പുതുക്കിയിരുന്നു. തൊഴിൽ ഉദ്‌ഗ്രഥിത പഠനം പത്ത് വരെ ഉൾചേർത്തിട്ടുണ്ട്. സമാന രീതിയിൽ ഹയർസെക്കന്ററി പാഠപുസ്‌തകവും തയ്യാറാക്കാനാണ് ആലോചന.
കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. പുതിയ കോഴ്‌സുകൾ ആരംഭിച്ചു. ബിരുദ കോഴ്‌സ് നാലു വർഷമാക്കി. ഇതു സംബന്ധിച്ച വിവരങ്ങൾ ബ്രിഡ്‌ജ് കോഴ്‌സിൽ ഉണ്ടാകും. പത്ത് കഴിഞ്ഞവർക്ക് ഹയർസെക്കന്റററി മേഖലയിലെ സ്‌ട്രീമുകൾ പരിചയപ്പെടുത്തുന്ന വിവരങ്ങളും ഉൾപ്പെടുത്തും. കുട്ടികൾക്ക് സ്വയം വായിച്ച് പഠിക്കാവുന്ന രീതിയിലാണ് മൊഡ്യൂൾ തയ്യാറാക്കുകയെന്ന് എസ്‌സിഇആർടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് പറഞ്ഞു. ഇതിനായി പത്ത്, പ്ലസ്‌ടു ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും മൊഡ്യൂളിന്റെ സോഫ്‌റ്റ് കോപ്പി വാട്‌സാപ്പ് വഴി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.