അബുദാബി: യുഎഇയില്‍ ക്രമക്കേട് കണ്ടെത്തിയ സ്വകാര്യ കമ്പനിക്ക് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഒരു ലക്ഷം ദിര്‍ഹം (22 ലക്ഷം രൂപയിലധികം ഇന്ത്യന്‍ രൂപ) പിഴ ചുമത്തി. സ്വദേശിവത്കരണ നിബന്ധനകളില്‍ കൃത്രിമം കാണിച്ചത് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ നടപടി. രാജ്യത്ത് 50 പേരില്‍ അധികം ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികളില്‍ ഒരു ശതമാനം കൂടി സ്വദേശിവത്കരണം നടപ്പിലാക്കാന്‍ അനുവദിച്ചിരിക്കുന്ന സമയപരിധി ജൂലൈ ഏഴ് ആണ്.
നടപടി നേരിട്ട കമ്പനിയുടെ പേരോ മറ്റ് വിശദ വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇവിടെ ജോലി ചെയ്യുന്ന ചില തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കുന്നതായി അധികൃതര്‍ കണ്ടെത്തുകയായിരുന്നു. ഇതേ തൊഴിലാളികളെ ഇതേ വ്യക്തിയുടെ കീഴിലുള്ള മറ്റൊരു കമ്പനിയിലേക്ക് മാറ്റി വേറെ വിസകള്‍ അനുവദിക്കുകയും ചെയ്‍തു. ആകെ ജീവനക്കാരുടെ എണ്ണം അന്‍പതില്‍ കുറവാക്കി സ്വദേശിവത്കരണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഇത്തരമൊരു നീക്കമെന്ന് അധികൃതര്‍ക്ക് സംശയം തോന്നി.
ഇതോടെയാണ് മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയത്തില്‍ നിന്നുള്ള പരിശോധനാ സംഘം കമ്പനിയിലെത്തിയത്. വിസ അനുസരിച്ച് മറ്റൊരു കമ്പനിയിലേക്ക് മാറ്റിയ ജീവനക്കാര്‍ യഥാര്‍ത്ഥത്തില്‍ ഇവിടെ തന്നെയാണ് ജോലി ചെയ്യുന്നതെന്നും രേഖകളില്‍ മാത്രം കമ്പനി മാറ്റി സ്വദേശിവത്കരണ ടാര്‍ഗറ്റില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമായിരുന്നു ഇതെന്നും പരിശോധനയില്‍ തെളിഞ്ഞു . ഇതോടെയാണ് ഒരു ലക്ഷം ദിര്‍ഹം സ്ഥാപനത്തിന് പിഴ ചുമത്തിയത്. ജൂലൈ ഏഴാം തീയ്യതിക്ക് മുമ്പ് ഈ സ്ഥാപനം നിശ്ചിത ശതമാനം സ്വദേശിവത്കരണം പൂര്‍ത്തിയാക്കുകയും വേണം.
കഴിഞ്ഞ വര്‍ഷം മുതലാണ് യുഎഇയില്‍ 50 തൊഴിലാളികളിലധികം ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വര്‍ഷത്തില്‍ രണ്ട് ശതമാനം വീതം സ്വദേശിവത്കരണം നടപ്പാക്കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറോടെ ആദ്യ രണ്ട് ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ ഒരു ശതമാനം കൂടി സ്വദേശിവത്കരണം പൂര്‍ത്തിയാകേണ്ടിയിരുന്നു. ഇതിന്റെ അവസാന തീയ്യതി ജൂലൈ ഏഴ് വരെ നീട്ടിയിട്ടുണ്ട്. ഈ വര്‍ഷം ഡിസംബറോടെ പിന്നെയും ഒരു ശതമാനം കൂടി പൂര്‍ത്തിയാക്കി ആകെ സ്വദേശിവത്കരണം നാല് ശതമാനമാവും. ഇത്തരത്തില്‍ 2026 അവസാനത്തോടെ ആകെ സ്വദേശിവത്കരണം പത്ത് ശതമാനത്തില്‍ എത്തിക്കാനാണ് പദ്ധതി.