തിരുവനന്തപുരം:കടലിൽ ചെരിഞ്ഞ എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പൽ പൂർണമായി മുങ്ങിയതോടെ അതീവ ജാഗ്രതയിൽ അധികൃതർ. കണ്ടെയ്നറിലെ രാസവസ്തുക്കൾ കടൽ ജലത്തിൽ കലർന്നാലുള്ള സാഹചര്യം നേരിടാനുള്ള തയാറെടുപ്പിലാണ് നാവികസേനയും കോസ്റ്റ് ഗാർഡും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും. കണ്ടെയ്നറിലെ ഇന്ധന രൂപത്തിലുള്ള അവശിഷ്ടങ്ങൾ കടലിൽ പരന്നാൽ അത് ജലജീവികളെയും കടലിലെ ആവാസ വ്യവസ്ഥയെയും സാരമായി ബാധിക്കും. കപ്പൽ പൂർണമായി മുങ്ങിയതിനാൽ ബങ്കർ ഫ്യൂവൽ (കപ്പൽ ഇന്ധനവും) കടലിൽ ഏതാണ്ടു രണ്ടു നോട്ടിക്കൽ മൈൽ ചുറ്റളവിൽ വ്യാപിച്ചു എന്നാണ് ലഭിക്കുന്ന വിവരം.
കണ്ടെയ്നറിൽ നിന്ന് ഇന്ധനം കടലിൽ പടർന്നതിന് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ഹൈദരാബാദ് ആസ്ഥാനമായ ഇൻകോയിസിലെ (ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ്) മുതിർന്ന ശാസ്ത്രജ്ഞൻ ടി.എം.ബാലകൃഷ്ണൻ മനോരമ ഓൺലൈനോടു പറഞ്ഞു. ഉപഗ്രഹദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. കാറ്റിന്റെ ഗതിയും കടൽത്തിരകളുടെ ചലനവും അനുസരിച്ച് ആലപ്പുഴ, കൊല്ലം തീരത്തേക്കാണ് കണ്ടെയ്നറുകൾ ഒഴുകിയെത്തുക. ഇവയുടെ അടുത്തേക്ക് പോകരുതെന്ന് നിർദേശമുണ്ട്.കേരള തീരത്ത് ഇത്രയും വലിയ കപ്പൽ അപകടം അടുത്തെങ്ങും ഉണ്ടായിട്ടില്ല. എന്നൂർ തുറമുഖത്ത് 2017ൽ രണ്ട് കപ്പലുകൾ കൂട്ടിയിടിച്ച് എണ്ണ കടലിൽ ചോർന്നതാണ് അടുത്തിടെ ഉണ്ടായ വലിയ അപകടം. ജനുവരി 28ന് ഉണ്ടായ അപകടത്തിൽ 251.46 ടൺ എണ്ണയാണ് കടലിലേക്ക് ചോർന്നത്. ചെന്നൈ തീരത്ത് 35 കിലോമീറ്ററോളം ദൂരത്തിൽ എണ്ണ വ്യാപിച്ചു. പുതുച്ചേരിവരെ എണ്ണയുടെ സാന്നിധ്യം അനുഭവപ്പെട്ടു. എണ്ണ ചോർച്ചയെ തുടർന്ന് കടലാമകൾ ചത്തു. രണ്ടായിരത്തോളം പേർ മാസങ്ങളോളം ശ്രമിച്ചാണ് എണ്ണ കടലിൽനിന്ന് മാറ്റിയത്. അതുവരെ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. കൊച്ചിയിലെ കപ്പലിൽനിന്ന് എണ്ണ ചോർച്ചയുണ്ടായോ എന്ന് 48 മണിക്കൂറിനുള്ളിൽ അറിയാമെന്ന് ബാലകൃഷ്ണൻ പറഞ്ഞു. ഇൻകോയിസ് കോസ്റ്റ് ഗാർഡുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. എണ്ണ ചോർച്ചയുണ്ടായാൽ നടപടിയെടുക്കേണ്ടത് കോസ്റ്റ് ഗാർഡാണ്.