വടകര: ദേശീയപാതയിൽ ചോറോട് ഓവർ ബ്രിജിനും കൈനാട്ടിക്കും ഇടയിൽ ശക്തമായ മഴയിൽ വീടുകളിലും കടകളിലും വെള്ളം കയറി. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നേരത്തേ ഉണ്ടായിരുന്ന ഓവുചാൽ മണ്ണിട്ടു നികത്തിയതിനെ തുടർന്നാണ് വെള്ളം ഉയർന്നത്. കടകളിൽ നാശനഷ്ടം ഉണ്ടായി. ഷാഫി പറമ്പിൽ എംപി ഇടപ്പെട്ടതിനെ തുടർന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും കരാർ കമ്പനി ജീവനക്കാരും രാത്രിതന്നെ സ്ഥലത്ത് എത്തി. അടിയന്തരമായി ഓവുചാൽ നിർമിച്ച് വെള്ളം ദേശീയപാത വഴി കടന്നുപോകാനുള്ള സജ്ജീകരണം ഒരുക്കിയതിനാൽ കൂടുതൽ വീടുകളിലേക്ക് വെള്ളം കയറുന്നത് ഇല്ലാതായി.
അടിപ്പാത നിർമാണം നടക്കുന്നതിന്റെ കിഴക്കു ഭാഗം ചോറോട് ഗേറ്റിലേക്ക് ഉള്ള താൽക്കാലിക മതിൽ മഴയിൽ അടർന്നുവീണു. ഈ ഭാഗത്ത് കൂടുതൽ മണ്ണ് ഇടിയാനുള്ള സാധ്യത ഉണ്ട്. വലിയ വാഹനങ്ങൾ അരികിലേക്ക് മാറുമ്പോഴാണ് അപകട ഭീഷണി. അടിപ്പാതയുടെ പടിഞ്ഞാറു ഭാഗത്ത് വെള്ളം കുത്തിയൊലിച്ച് എരപുരം എംഎൽപി സ്കൂളിന് മുൻപിലും ബീച്ച് റോഡിലും ചെളി നിറഞ്ഞുകിടക്കുകയാണ്.
ബീച്ച് റോഡ് വഴി ഗതാഗതം തടസ്സപ്പെട്ടു. ചെളിയിലൂടെ ആളുകൾക്ക് ചോറോട് പടിഞ്ഞാറ് ഭാഗത്തേക്ക് നടന്നു പോകാൻ കഴിയാത്ത സാഹചര്യം ഉണ്ട്. താൽക്കാലിക റോഡിൽ ടാർ വേസ്റ്റ് ഇട്ട് നന്നാക്കുന്ന പ്രവൃത്തിയും മഴ കാരണം തടസ്സപ്പെട്ടു. കരാർ കമ്പനി ജീവനക്കാർ സ്ഥലത്ത് എത്തി ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുമെന്ന് ദേശീയപാത അധികൃതർ ഉറപ്പു നൽകിയതായി വാർഡ് മെംബർ കെ.കെ.റിനീഷ് അറിയിച്ചു.