കനത്ത മഴ, പ്രളയം; അസമിൽ മരണം 84 ആയി, കാസിരംഗ ദേശീയോദ്യാനത്തിൽ നിരവധി മൃഗങ്ങൾ പ്രളയത്തിൽ ഒഴുകിപ്പോയി

news image
Jul 11, 2024, 2:11 pm GMT+0000 payyolionline.in

ന്യൂഡൽഹി: ഉത്തരേന്ത്യയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പലയിടത്തും വെള്ളംകയറി. അസമിൽ, കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചുപേർ കൂടി മരിച്ചതോടെ പ്രളയത്തിൽ ആകെ മരിച്ചവരുടെ എണ്ണം 84 ആയി. 27 ജില്ലകളിലെ 14 ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചു. 365 ദുരിതാശ്വാസ ക്യാമ്പുകളിലായി ഒന്നര ലക്ഷത്തിലേറെ പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

കാസിരംഗ ദേശീയോദ്യാനത്തിൽ നിരവധി മൃഗങ്ങൾ പ്രളയത്തിൽ ഒഴുകിപ്പോയി. 150ലേറെ മൃഗങ്ങൾ ചത്തതായാണ് കണക്ക്. 233 ഫോറസ്റ്റ് ക്യാമ്പുകളിൽ 62 എണ്ണം വെള്ളത്തിൽ മുങ്ങി. ഉത്തർപ്രദേശിലെ 60 ജില്ലകളിൽ പ്രളയം രൂക്ഷമാണ്. സംസ്ഥാനത്ത് 19 പേർ മരിച്ചു. റാപ്തി നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മുഖ്യമന്ത്രി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.

യമുനാ നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഡൽഹിയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. യമുന‍യിലെ ജലനിരപ്പ് 200 മീറ്ററിലെത്തിയ സാഹചര്യത്തിൽ മന്ത്രി സൗരഭ് ഭരദ്വാജിന്‍റെ നേതൃത്വത്തിൽ സ്ഥിതി വിലയിരുത്തി. 205 മീറ്ററാണ് അപകടനില. നദീതീരത്ത് ഉള്ളവരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം യമുനയിൽ ജലനിരപ്പ് ഉയർന്നതോടെ നഗരം വെള്ളത്തിൽ മുങ്ങിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe