കണ്ണൂർ ∙ കണ്ണൂർ നഗരത്തിൽനിന്നും വിമാനത്താവളത്തിന്റെ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ആറുവരി ദേശീയപാതയിലേക്ക് പ്രവേശിക്കേണ്ട വഴിയേതാണെന്ന യാത്രക്കാരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാൻ ഇതുവരെ ദേശീയപാത അധികൃതർക്കായിട്ടില്ല. ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് സൂചന. ജില്ലയിൽ ദേശീയപാത നിർമാണം നടത്തുന്നത് ഉത്തരേന്ത്യയിൽ നിന്നുള്ള കരാർ കമ്പനികളാണ്. കണ്ണൂരിന്റെ ഗതാഗത മേഖലയുമായി ബന്ധപ്പെട്ട് പരിചയമില്ലാത്ത ഉദ്യോഗസ്ഥർ ഇക്കാര്യം തീരുമാനിക്കുമ്പോൾ ദേശീയപാതയിലേക്കുള്ള പ്രവേശനവഴികളും പുതിയ യാത്രാക്ലേശങ്ങൾക്കു കാരണമാകുമെന്ന ആശങ്ക ഉയരുന്നുണ്ട്.
പ്രതീക്ഷിച്ചു; പക്ഷേ, വന്നില്ല
∙ താഴെചൊവ്വയ്ക്ക് സമീപം കിഴുത്തള്ളിയിൽ നിന്നാണ് ദേശീയപാതയിലേക്ക് പ്രവേശനവും തിരിച്ചിറക്കവുമെന്നായിരുന്നു നേരത്തേ പുറത്തുവന്നിരുന്ന വിവരം. എന്നാൽ റോഡ് നിർമാണം 70 ശതമാനത്തോളം കഴിഞ്ഞിട്ടും സ്ഥലത്ത് ഇതുമായി ബന്ധപ്പെട്ട പ്രവൃത്തി നടത്തിയിട്ടില്ല. വിമാനത്താവളം റോഡിൽനിന്ന് ദേശീയപാതയിലേക്കുള്ള പ്രവേശനം മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്ത് നിന്നായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇവിടെയും ഇതിനായുള്ള പ്രവൃത്തി നടന്നിട്ടില്ല
സർവീസ് റോഡിലെ ദുരിതം ഇരട്ടിയാകും
∙ കണ്ണൂർ നഗര റോഡും വിമാനത്താവളം റോഡും ആറുവരി ദേശീയപാതയുടെ സമീപത്ത് എത്തുന്ന സ്ഥലത്തുനിന്ന് ആറുവരി ദേശീയ പാതയിലേക്ക് പ്രവേശനം അനുവദിക്കുന്നതായിരിക്കും ഗുണം ചെയ്യുകയെന്ന് ഗതാഗത മേഖലയിലെ വിദഗ്ധരും സമ്മതിക്കുന്നുണ്ട്. ദേശീയപാതയുടെ മറ്റു സ്ഥലങ്ങളിൽ നിന്നാണ് പ്രവേശനം അനുവദിക്കുന്നതെങ്കിൽ വീതി കുറഞ്ഞ സർവീസ് റോഡിലൂടെ ഏറെ ദൂരം ഓടി ദേശീയ പാതയിലേക്ക് പ്രവേശിക്കേണ്ടിവരും.
ദേശീയപാത നിർമാണം പൂർത്തിയായാൽ വീതി നന്നേ കുറഞ്ഞ സർവീസ് റോഡിലൂടെ കടത്തിവിടുന്ന പ്രാദേശിക ഗതാഗതം ദുരിതത്തിലാകുമെന്ന ആശങ്ക ഇപ്പോഴേ ഉണ്ട്. ഇതിന് പുറമേ ദേശീയ പാതയിലേക്ക് വരുന്നതും തിരിച്ചിറങ്ങുന്നതുമായ വാഹനങ്ങൾ കൂടി സർവീസ് റോഡിൽ വന്നാൽ ഗതാഗത ക്ലേശം രൂക്ഷമാകും.
ഓർക്കണം, തോട്ടട–തലശ്ശേരി റൂട്ടിന്റെ അവസ്ഥ
കണ്ണൂർ നടാലിൽ വലിയ വാഹനങ്ങൾക്ക്കടന്നുപോകാൻ പറ്റുന്ന തരത്തിലുള്ള അടിപ്പാത ഇല്ലാത്തത് കാരണമാണ് പഴയ ദേശീയ പാതയായ കണ്ണൂർ–തോട്ടട റൂട്ടിലൂടെ തലശ്ശേരിയിലേക്ക് പോകാൻ നിലവിലുള്ള ദൂരത്തിൽ നിന്ന് 7 കിലോ മീറ്റർ അധിക ദൂരം സഞ്ചരിക്കേണ്ട അവസ്ഥ വന്നത്. ദേശീയപാത നിർമാണം തുടങ്ങിയ മുതൽ തന്നെ യാത്രക്കാരും നാട്ടുകാരും നടാലിൽ വലിയ അടിപ്പാത നിർമിക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടാൻ ജനപ്രതിനിധികളെയും ജില്ലാ ഭരണകൂടത്തെയും സമീപിച്ചിരുന്നു.
ജനങ്ങളുടെ ഈ ആവശ്യം അധികൃതർ അന്ന് ഗൗരവത്തോടെ എടുക്കാത്തത് കൊണ്ടാണ് അൻപതോളം ബസുകളും നൂറ് കണക്കിന് മറ്റ് വാഹനങ്ങളും കടന്നുപോകുന്ന ഒരു പ്രധാന റൂട്ട് അപ്രസക്തമാകുന്ന അവസ്ഥ വന്നത്. കണ്ണൂർ നഗരം, വിമാനത്താവളം റോഡ് എന്നിവിടങ്ങളിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കേണ്ട ഭാഗത്തെക്കുറിച്ചും യാത്രാ ക്ലേശമില്ലാത്ത വിധത്തിലുള്ള ഉചിതമായ മാർഗം നിർദേശിക്കാൻ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും തയ്യാറാകുന്നില്ലെങ്കിൽ കണ്ണൂർ നഗരത്തിൽനിന്നും വിമാനത്താവള റോഡിൽനിന്നും ദേശീയപാതയിലേക്കുള്ള പ്രവേശനം വൻ യാത്രാക്ലേശം സൃഷ്ടിക്കും.