കണ്ണൂർ കാപ്പിമലയിൽ ഉരുൾപൊട്ടി, വൻ കൃഷിനാശം; അഴീക്കോട് വീടുകളിൽ വെള്ളം കയറി, 57 പേരെ മാറ്റിപ്പാർപ്പിച്ചു

news image
Jul 6, 2023, 9:01 am GMT+0000 payyolionline.in

കണ്ണൂർ: തളിപ്പറമ്പ് താലൂക്കിലെ ആലക്കോട് വെള്ളാട് വില്ലേജ് കാപ്പിമലയില്‍ ഉരുള്‍പൊട്ടി. വിനോദ സഞ്ചാര കേന്ദ്രമായ പൈതൽമലക്കും കാപ്പിമലക്കും ഇടയിലുള്ള വൈതൽക്കുണ്ടിലെ വനമേഖലയിലാണ് ഉരുൾപൊട്ടിയത്. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഉരുള്‍പൊട്ടലിൽ കൃഷിനാശമുണ്ട്. ശക്തമായ മലവെള്ളപ്പാച്ചിൽ കണ്ടാണ് ഉരുൾപൊട്ടിയ വിവരം പ്രദേശത്തുകാർ അറിഞ്ഞത്. ​മുമ്പ് ഉരുൾപൊട്ടലുണ്ടായ മേഖലയാണിത്. ദുരന്ത സാധ്യത കണക്കിലെടുത്ത് ജനങ്ങളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.

 

അതേസമയം, അഴീക്കോട് മൂന്നുനിരത്തില്‍ ജനവാസ മേഖലകളില്‍ ഇന്ന് രാവിലെ വെള്ളം കയറിയതിനെ തുടര്‍ന്ന് 13 വീടുകളില്‍ നിന്നായി 57 പേരെ മാറ്റിപ്പാർപ്പിച്ചു. രണ്ട് യൂനിറ്റ് അഗ്നിശമനസേയും നാട്ടുകാരുടെയും സഹകരണത്തോടെ ഹിദായത്തുല്‍ സിബിയാന്‍ ഹയര്‍സെക്കന്‍ഡറി മദ്രസയിലും ചിലരുടെ ബന്ധുവീടുകളിലേക്കുമാണ് മാറ്റിപ്പാർപ്പിച്ചത്.

കനത്ത മഴയിൽ കക്കാട് ചെക്കി ചിറയിൽ വീടുകളിലും വെള്ളം കയറി. കണ്ണൂർ കോർപറേഷൻ പുഴാതിസോൺ ഷാദുലി പള്ളിക്ക് 130 നമ്പർ അംഗൻവാടിക്ക് സമീപത്തെ സി.ബി. ആയിശയുടെ വീടിനു മേൽമതിൽ ഇടിഞ്ഞു വീണു. വീടിനു കേടുപാടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe