കണ്ണൂർ എ.ഡി.എമ്മിന്‍റെ ആത്മഹത്യ: പി.പി. ദിവ്യ രാജിവെക്കണമെന്ന് കോൺഗ്രസ്

news image
Oct 15, 2024, 5:49 am GMT+0000 payyolionline.in

കണ്ണൂർ: യാത്രയയപ്പ് ചടങ്ങിൽ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ സി.പി.എം വനിതാ നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ രാജിവെക്കണമെന്ന് കോൺഗ്രസ്. പൊതുജനങ്ങൾക്ക് മുമ്പിൽ എ.ഡി.എമ്മിനെ അവഹേളിക്കുകയാണ് ദിവ്യ ചെയ്തതെന്ന് കണ്ണൂർ ഡി.സി.സി അധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ് ആരോപിച്ചു.

നവീൻ ബാബുവിനെ മനഃപൂർവം അപമാനിക്കുകയാണ് ദിവ്യ ചെയ്തത്. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണം. ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും മാർട്ടിൻ ജോർജ് വ്യക്തമാക്കി.

മാധ്യമങ്ങളെ അറിയിച്ച ശേഷമാണ് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ക്ഷണിക്കാത്ത എ.ഡി.എമ്മിന്‍റെ യാത്രയയപ്പ് ചടങ്ങിൽ എത്തിയത്. സി.പി.എമ്മാണ് നാട്ടിൽ ഭരിക്കുന്നത്. അഴിമതിക്കാരനാണെങ്കിൽ അത് തെളിയിക്കാനുള്ള സംവിധാനമുണ്ട്.

പൊതുസമൂഹത്തിൽ ആരോപണം ഉന്നയിക്കുമ്പോൾ നവീൻ ബാബുവിന്‍റെ കുടുംബം കൂടിയാണ് അപമാനിതരാകുന്നത്. ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe