കണ്ണൂര്‍ തളിപ്പറമ്പിലുണ്ടായ വന്‍ തീപിടുത്തതിനിടെ എതിര്‍വശത്തെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ മോഷണമെന്ന് പരാതി. നിബ്രാസ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ മുഖം മറച്ചെത്തിയ ആള് പതിനായിരം രൂപയുടെ സാധനങ്ങള്‍ കടത്തിയെന്നാണ് ഉടമകളുടെ പരാതി. ആളുകളുടെ ശ്രദ്ധ പുറത്തെ തീപിടുത്തത്തിലായിരിക്കുമ്പോഴാണ് മോഷണം. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് പതിനായിരം രൂപയുടെ സാധനങ്ങള്‍ കൊണ്ടുപോയെന്ന് വ്യക്തമായത്. മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടില്ല.
പുറത്തിറങ്ങിപ്പോയ മോഷ്ടാവിന് പിന്നാലെ കടയിലെ ജീവനക്കാര്‍ ചെന്നെങ്കിലും തീപിടുത്തം കാരണം തടിച്ചുകൂടിയ ജനങ്ങള്‍ക്കിടയിലൂടെ മോഷ്ടാവ് കടന്നുകളഞ്ഞെന്നാണ് ഉടമ നിസാര്‍ പറയുന്നത്. അതേസമയം, കടയില്‍ മറ്റൊരു സ്ത്രീയും മോഷണം നടത്തിയെന്നും ഇവരെ കൈയ്യോടെ പിടിച്ചെന്നും ഉടമ പറയുന്നു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്കി.ഒക്ടോബര്‍ ഒന്‍പതിനാണ് തളിപ്പറമ്പിൽ ബസ് സ്റ്റാൻഡിന് പരിസരത്തെ കെ.വി കോംപ്ലക്സില്‍ വൻ തീപിടുത്തം ഉണ്ടായത്. വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. 15 ഫയർ യൂണിറ്റുകൾ എത്തി മൂന്നു മണിക്കൂറിലേറെ സമയമെടുത്ത് തീ നിയന്ത്രണവിധേയമാക്കിയത്. മൂന്നു നില കെട്ടിടത്തിലെ 50 ലേറെ കടകളാണ് കത്തിച്ചാമ്പലായത്.