കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഇഡി ഇടപ്പെട്ടതോടെ അനങ്ങി സിപിഐ, ഭാസുരാംഗനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

news image
Nov 9, 2023, 4:10 am GMT+0000 payyolionline.in

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി പരിശോധനയും ചോദ്യം ചെയ്യലും പുരോഗമിക്കുന്നതിനിടെ മുന്‍ ബാങ്ക് പ്രസിഡന്‍റും സിപിഐ നേതാവുമായ എന്‍. ഭാസുരാംഗനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള നടപടിയുമായി സിപിഐ. ഇഡി ഇടപ്പെട്ടതോടെയാണ് ഇതുവരെയും ഭാസുരാംഗനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത പാര്‍ട്ടി ഇതുസംബന്ധിച്ച ചര്‍ച്ചക്ക് ഒരുങ്ങുന്നത്. ഭാസുരാംഗനെതിരെ കടുത്ത നടപടി വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദേശം. ഇന്ന് ചേരുന്ന ജില്ല എക്സിക്യൂട്ടീവ് അച്ചടക്ക നടപടി സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യും.

അതേസമയം, കണ്ടല ബാങ്കിലെ ഇ.ഡി പരിശോധന 24 മണിക്കൂർ പിന്നിട്ടു. ഭാസുരംഗന്‍റെ കണ്ടലയിലെ വീട്ടിലും ഇഡി പരിശോധന തുടരുകയാണ്. ഇതിനിടെ, തിരുവനന്തപുരം കണ്ടല സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ് മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യലിനിടെ ഹാസ്വാസ്ഥ്യമുണ്ടായതിനെതുടര്‍ന്ന്എൻ.ഭാസുരാംഗനെൃ വിദഗ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി. 100 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം നേരിടുന്ന കണ്ടല സർവീസ് സഹകരണ ബാങ്കിലും ഭാസുരാംഗന്റെയും മുൻ സെക്രട്ടറിമാരുടേയും വീടുകളിലും അടക്കം ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു കേന്ദ്ര സേനയുടെ അകമ്പടിയോടെ ഇ.ഡി സംഘം എത്തിയത്. ബാങ്കിലെ നിക്ഷേപങ്ങൾ, വായ്പകൾ ഉൾപ്പെടെയുള്ള ഇടപാട് രേഖകൾ ഇഡി സംഘം പരിശോധിച്ചു. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് മാറനല്ലൂരിലെ വീട്ടിൽ എത്തിച്ച് പരിശോധന നടത്തിയത്. ഇതിനിടെയാണ് ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

പൂജപ്പുരയിലെ വീട്ടിലെ പരിശോധന പൂര്‍ത്തിയായതിന്  പിന്നാലെയാണ് ഇന്നലെ രാത്രിയോടെ ഇഡി ഉദ്യോഗസ്ഥര്‍ ഭാസുരാംഗനുമായി കണ്ടലയിലെ വീട്ടിലേക്ക് പോയത്. ഭാസുരാംഗന്‍ കണ്ടലയിലെ വീട്ടിൽ നിന്നും ആറു മാസം മുമ്പ് താമസം മാറിയിരുന്നു. ഇഡി ഉദ്യോഗസ്ഥര്‍ രാവിലെ മുതല്‍ ഇവിടെ ഉണ്ടെങ്കിലും  തുറന്ന് പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. സംശയനിവാരണത്തിനായാണോ രേഖകള്‍ ശേഖരിക്കാനാണോ ഭാസുരാംഗനെ വാഹാനത്തില്‍  കണ്ടലയിലെ വീട്ടിലേക്ക് കൊണ്ടുപോയതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം ബാങ്കിലെ പരിശോധന രാത്രി വൈകിയും തുടര്‍ന്നു.കരുവന്നൂരിന് പിന്നാലെയാണ് കണ്ടല സര്‍വ്വീസ് സഹകരണ ക്രമക്കേടിലും ഇഡി ഇടപെടലുണ്ടായത്.

ബാങ്കിലും ബാങ്ക് സെക്രട്ടറിമാരുടെ വീട്ടിലും ആയി ആറിടങ്ങളിലാണ് പരിശോധന നടന്നത്.സിപിഐ നേതാവ് ഭാസുരാംഗൻ പ്രസിഡന്‍റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി  ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. 30 വര്‍ഷത്തോളം കണ്ടല സഹകരണ ബാങ്ക് പ്രസിഡന്‍റ് സ്ഥാനത്തിരുന്ന സിപിഐ നേതാവ് ഭാസുരാഗന്‍റെ നേതൃത്വത്തിൽ നടന്ന കോടിക്കകണക്കിന് രൂപയുടെ ക്രമക്കേട് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവന്നിരുന്നു.  ഈയിടെ ഭരണ സമിതി രാജിവച്ച് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലായി. കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സഹകരണ രജിസ്ട്രാര്‍ രണ്ടാഴ്ച മുൻപ് ഇഡിക്ക് കൈമാറിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe