കടലിന് അടിയിലെ പൗരാണിക ഇന്ത്യന്‍ നഗരം, ദ്വാരക തേടി പുരാവസ്തു വകുപ്പ്

news image
Apr 15, 2025, 12:16 pm GMT+0000 payyolionline.in

ഗുജറാത്ത് തീരത്തിന് സമീപത്തായി  കടലിന് അടിത്തട്ടിലായ പൗരാണിക ഇന്ത്യന്‍ നഗരത്തിന്‍റെ അവശിഷ്ടങ്ങൾ തേടി ആർക്കിയോളജി സര്‍വേ ഓഫ് ഇന്ത്യ. അണ്ടർ വാട്ടർ ആര്‍ക്കിയോളജി വിംഗിലെ ഒമ്പതംഗ സംഘം നടത്തുന്ന പഠനം ദ്വാരകയെ കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കുന്നുവെന്ന് പുരാവസ്തു വകുപ്പ് പറയുന്നു. കടലിന് അടിത്തട്ടിലെ അവശിഷ്ടങ്ങൾ, പുരാവസ്തുക്കൾ, സമുദ്ര നിക്ഷേപങ്ങൾ എന്നിവയുടെ ശാസ്ത്രീയ വിശകലനത്തിലൂടെയാണ് ദ്വാരക എന്ന പൌരാണിക നഗരത്തിന്‍റെ തെളിവുകൾ കണ്ടെത്താന്‍ പുരാവസ്തു വകുപ്പ് ശ്രമിക്കുന്നത്.

ഹിന്ദു ദൈവമായ വിഷ്ണുവിന്‍റെ അവതാരമായ കൃഷ്ണന്‍റെ നഗരമെന്ന് വിശ്വസിക്കപ്പെടുന്ന ബെയ്റ്റ് ദ്വാരക, ഗുജറാത്ത് തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ്. ഈ ദ്വീപിലാണ് ദ്വാരകാദീഷ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 2005 മുതല്‍ 2007 വരെ എഎസ്ഐയുടെ അണ്ടർവാട്ടർ ആർക്കിയോളജി വിഭാഗം പ്രദേശത്ത് നടത്തിയ അന്വേഷണത്തില്‍ പുരാതന ശിൽപങ്ങൾ, ശിലാ നങ്കൂരങ്ങൾ, മുത്തുകൾ. ഇരുമ്പ് – ചെമ്പ് ഉപകരണങ്ങൾ തുടങ്ങി പ്രധാനപ്പെട്ട പുരാവസ്തു അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ദ്വാരകയുടെ കിഴക്ക് ഭാഗത്തുള്ള ഗോമതി ക്രീക്കിന്‍റെ തെക്ക് ഭാഗത്ത് കഴിഞ്ഞ ഫെബ്രുവരയില്‍ ആര്‍ക്കിയോളജി വിഭാഗത്തിന്‍റെ ഫീൽഡ് വർക്ക് നടന്നിരുന്നു. നാവീക സേനയുടെ മുങ്ങൽ വിദഗ്ദരോടൊപ്പമായിരുന്നു പരിശോധന. സമുദ്രത്തിനടിയില്‍ കൂടുതല്‍ പ്രദേശങ്ങൾ കണ്ടെത്തി. ഒപ്പം കണ്ടെത്തിയ പ്രദേശങ്ങളിലെ സസ്യജാലങ്ങളെയും കട്ടിയുള്ള കാൽക്കറിയസ് നിക്ഷേപവും നീക്കി പ്രദേശം വൃത്തിയാക്കി. അതിന് ശേഷമായിരുന്നു സമുദ്രാന്തര്‍ മേഖലയിലെ ഖനനം. ഈ ഖനനത്തില്‍ കൂടൂതല്‍ പുരാതന അവശിഷ്ടങ്ങൾ കണ്ടെത്തിയതായും അവയുടെ ശാസ്ത്രീയ പഠനം നടക്കുന്നതായും പുരാവസ്തു വകുപ്പ് പറയുന്നു. അടുത്ത ഖനനത്തില്‍ ഒഖാമണ്ടൽ നഗരം കൂടി ഉൾപ്പെടുത്തി ഖനനം നടക്കുമെന്ന് ഖനനത്തിന് നേതൃത്വം നല്‍കുന്ന പ്രൊഫ. ത്രിപാഠി പറഞ്ഞു. അതിനൊപ്പം പുരാതന നഗരത്തിന്‍റെ അവശിഷ്ടങ്ങൾ കാണുന്നതിനായി വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ദ്വാരകയിലേക്ക് ഒരു അന്തര്‍വാഹിനി സേവനം ആരംഭിക്കുന്നതിനുള്ള പദ്ധതി ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe