ബാലുശേരി: കക്കയം മുപ്പതാംമൈലിൽ പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പനങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജനസേവനകേന്ദ്രം ജീവനക്കാരനായ കിനാലൂർ പൂളക്കണ്ടി കളരിപ്പൊയിൽ അശ്വിൻ മോഹൻ(29) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ശക്തമായ ഒഴുക്ക് വില്ലനായി. ജില്ലയിലെ ഫയർഫോഴ്സുകളുടെ വിവിധ യൂണിറ്റുകളിൽനിന്നുള്ള സ്കൂബ ടീമും കൂരാച്ചുണ്ട് പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് രാത്രി ഏഴോടെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. വെള്ളിയാഴ്ച വീണ്ടും നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.