കക്കയം, പെരുവണ്ണാമൂഴി ഡാമുകളിൽ ജലനിരപ്പ് കുറഞ്ഞു

news image
Jun 20, 2023, 2:21 pm GMT+0000 payyolionline.in

കൂരാച്ചുണ്ട്: മലബാറിലെ പ്രധാന ജലവൈദ്യുതി ഉൽപാദന കേന്ദ്രമായ കക്കയം പദ്ധതിയിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞതിനാൽ വൈദ്യുതി ഉൽപാദനം കുറയുന്നു. 2022 ജൂൺ 19ന് 0.5828 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചിരുന്ന സ്ഥാനത്ത് ഇന്നലെ 0.3375 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിച്ചത്. 0.2453 മില്യൻ യൂണിറ്റാണ് കുറഞ്ഞത്. കഴിഞ്ഞ വർഷം 16.929 ദശലക്ഷം ക്യുബിക് മീറ്റർ ആയിരുന്നു കക്കയം ഡാമിലെ ജലം.

ഇത്തവണ 7.189 ദശലക്ഷം ക്യുബിക് മീറ്റർ ആയി കുറഞ്ഞു. കഴിഞ്ഞ വർഷം വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതും ഇത്തവണ വേനൽമഴയും കാലവർഷവും കുറഞ്ഞതാണ് ഡാമിൽ ജലനിരപ്പ് താഴാൻ കാരണമായത്. തരിയോട് ഡാമിൽ നിന്നു ടണൽ മാർഗം കക്കയം ഡാമിലേക്കുള്ള നീരൊഴുക്ക് 0.51797 ദശലക്ഷം ക്യുബിക് മീറ്ററിൽ നിന്ന് 0.20177 ദശലക്ഷം ക്യുബിക് മീറ്ററായി കുറഞ്ഞിട്ടുണ്ട്.

കക്കയം ഡാമിലെ ജലനിരപ്പ് കഴിഞ്ഞ വർഷത്തെക്കാൾ ഇന്നലെ 5.7615 മീറ്റർ കുറവാണ്. തരിയോട് ഡാമിലും ജലം 0.40 മീറ്റർ കുറവ് രേഖപ്പെടുത്തി. കക്കയം പദ്ധതിയിലെ ഉൽപാദനക്കുറവ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകാൻ സാധ്യതയുണ്ട്. ഒന്നര മാസമായി ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ട്.

പെരുവണ്ണാമൂഴി ഡാമി 36.6 മീറ്റ ജലം

6  മെഗാവാട്ട് വൈദ്യുതി ഉൽപാദനം ലക്ഷ്യമിടുന്ന പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ ട്രയൽ റൺ പെരുവണ്ണാമൂഴി ഡാമിൽ ജലനിരപ്പ് കുറവായതിനാൽ പ്രതിസന്ധിയിലായി. ഡാമിൽ 37.2 മീറ്റർ ജലം ഉണ്ടെങ്കിൽ മാത്രമേ ട്രയൽ റൺ സാധ്യമാകൂ. ഇന്നലെ 36.6 മീറ്റർ വെള്ളമാണ് ഉള്ളത്. കഴിഞ്ഞ വർഷത്തെക്കാൾ ഇന്നലെ 1.9 മീറ്റർ ജലം കുറവാണ്. വെള്ളം ഡാമിന്റെ സ്പിൽവേയുടെയും താഴ്ന്ന നിലയിലാണ്.

ഡാമിലെ ജലം ഉപയോഗിച്ച് ജില്ലയിൽ ജലസേചന സൗകര്യം ഒരുക്കുന്ന കുറ്റ്യാടി പദ്ധതി പ്രധാന കനാലിലേക്കുള്ള ഷട്ടർ കഴിഞ്ഞ 7ന് അടച്ചിരുന്നു.  ഷട്ടർ അടച്ച് ഒന്നര ആഴ്ച കഴിഞ്ഞിട്ടും ഡാമിലെ ജലനിരപ്പിൽ വലിയ പുരോഗതി ഉണ്ടായിട്ടില്ല. വൃഷ്ടിപ്രദേശത്തെ മഴക്കുറവാണ് പ്രധാന കാരണം. ഡാമിന്റെ ഷട്ടർ 5 സെന്റിമീറ്റർ തുറന്ന് പുഴയിലേക്കും പ്രധാന കനാലിലേക്കും ജലം ഇപ്പോഴും ഒഴുക്കുന്നുണ്ട്. ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ രണ്ട് മെഷീനുകളും സ്ഥാപിച്ചു കഴിഞ്ഞു.

ഒരു മെഷീൻ മേയ് 29ന് സ്ഥാപിച്ചെങ്കിലും ഡാമിൽ ജലം കുറവായതിനാൽ ട്രയൽ നടത്താൻ കഴിഞ്ഞില്ല. പദ്ധതിയുടെ മെക്കാനിക്കൽ പ്രവൃത്തിയും പൂർത്തിയായി. ഇലക്ട്രിക്കൽ ജോലി ഉടൻ തന്നെ പൂർത്തിയാകും. മേയ് അവസാന വാരത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചെങ്കിലും ഡാമിൽ ജലനിരപ്പ് കുറഞ്ഞതിനാൽ മാറ്റിവയ്ക്കുകയായിരുന്നു.

24ന് കെഎസ്ഇബി പദ്ധതിയുടെ അവലോകന യോഗം ചേരുന്നുണ്ട്. ജൂൺ മുതൽ ‍ഡിസംബർ വരെയുള്ള കാലയളവിൽ ഡാമിൽ നിന്നു സ്പിൽവേയിലൂടെ ഒഴിവാക്കുന്ന ജലം ഉപയോഗിച്ച് വൈദ്യുതി ഉൽപാദനം ലക്ഷ്യമിടുന്ന പദ്ധതി 78.43 കോടി രൂപ ചെലവഴിച്ചാണ് പൂർത്തീകരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe