കക്കയം ഡാമിൽ ജലനിരപ്പ് താഴുന്നു; വൈദ്യുതോത്പാദനം നിയന്ത്രിച്ചു

news image
Apr 26, 2026, 3:57 am GMT+0000 payyolionline.in

പേരാമ്പ്ര: കടുത്ത വേനലിനെത്തുടർന്ന് കുറ്റ്യാടി ജലവൈദ്യുതപദ്ധതിയുടെ സംഭരണിയായ കക്കയം ഡാമിൽ ജലനിരപ്പ് ഗണ്യമായി കുറയുന്നു. നിലവിൽ ഡാമിന്റെ ജലസംഭരണ ശേഷിയുടെ 34.51 ശതമാനം വെള്ളം മാത്രമാണ് റിസർവോയറിലുള്ളത്. 33.98 ദശലക്ഷം ക്യുബിക് മീറ്റർ സംഭരണശേഷിയുള്ള ഇവിടെ ഇപ്പോൾ 11.73 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണുള്ളത്. പരമാവധി സംഭരണപരിധിയായ 758.04 മീറ്ററിൽ നിന്നും ജലനിരപ്പ് 10.27 മീറ്റർ താഴേക്ക് പോയിരിക്കുകയാണ്.

​വൈദ്യുതോത്പാദനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ വയനാട് ബാണാസുരസാഗർ ഡാമിൽ നിന്നും ടണൽ വഴി പ്രതിദിനം 0.85 ദശലക്ഷം ഘനമീറ്റർ വെള്ളം കക്കയത്തേക്ക് എത്തിക്കുന്നുണ്ട്. എന്നാൽ ബാണാസുരസാഗറിലും ജലനിരപ്പ് 21.97 ശതമാനമായി താഴ്ന്നത് ആശങ്കയുണ്ടാക്കുന്നു. കക്കയം പവർഹൗസിലെ അഞ്ച് മെഷീനുകളും പ്രവർത്തിക്കുന്നുണ്ടെങ്കിലും, ജലലഭ്യത കുറഞ്ഞതോടെ രാത്രികാലങ്ങളിൽ മാത്രമായാണ് ഇപ്പോൾ ഉത്പാദനം ക്രമീകരിച്ചിരിക്കുന്നത്. വൈകീട്ട് അഞ്ച് മുതൽ പുലർച്ചെ ഒരു മണി വരെയാണ് നിലവിൽ പ്രവർത്തനം നടക്കുന്നത്. എങ്കിലും മേയ് മാസം വരെ ഉത്പാദനം തുടരാനുള്ള വെള്ളം നിലവിലുണ്ടെന്ന് അധികൃതർ അറിയിച്ചു.

​അതേസമയം, ജലസേചനത്തിനായുള്ള പെരുവണ്ണാമൂഴി ഡാമിൽ 56 ശതമാനം വെള്ളം അവശേഷിക്കുന്നുണ്ട്. കൃഷി ആവശ്യങ്ങൾക്കായി കനാലുകൾ വഴി വെള്ളം വിതരണം ചെയ്യുന്നതിനാൽ ജലനിരപ്പ് കുറയുന്നത് കണക്കിലെടുത്ത് പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുതപദ്ധതിയുടെ പ്രവർത്തനം ജനുവരി പകുതിയോടെ നിർത്തിവെച്ചിരുന്നു. വരും ദിവസങ്ങളിൽ വേനൽ കൂടുതൽ കഠിനമായാൽ കുറ്റ്യാടി പദ്ധതിയിലെ വൈദ്യുതോത്പാദനത്തെ അത് സാരമായി ബാധിക്കാൻ സാധ്യതയുണ്ട്.

​വേനൽക്കാലത്തെ ജലഉപയോഗത്തിലും വൈദ്യുത ഉപഭോഗത്തിലും കൃത്യമായ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമായി വരികയാണ്. കക്കയം, ബാണാസുരസാഗർ ഡാമുകളിലെ ജലനിരപ്പ് ഇനിയും കുറയുന്നത് സംസ്ഥാനത്തെ മൊത്തം വൈദ്യുത ഉത്പാദനത്തെയും ബാധിച്ചേക്കാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe