ഓർക്കാട്ടേരിയിലെ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവിന്‍റെ അമ്മ അറസ്റ്റിൽ, അച്ഛനും സഹോദരിയും ഒളിവിലെന്ന് പൊലീസ്

news image
Dec 14, 2023, 7:01 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് ഓര്‍ക്കാട്ടേരിയിലെ ഷബ്നയുടെ ആത്മഹത്യയില്‍ ഒരു അറസ്റ്റ് കൂടി. ഷബ്നയുടെ ഭര്‍ത്താവിന്‍റെ അമ്മ നബീസയെയാണ് പൊലീസ് അറസ്റ്റ്  ചെയ്തത്. ഷബ്നയുടെ ഭര്‍ത്താവിന്‍റെ അച്ഛനും സഹോദരിയും ഇപ്പോഴും ഒളിവിലാണ്. അതേസമയം, കേസില്‍ നേരത്തെ അറസ്റ്റിലായ ഭര്‍ത്താവിന്‍റെ അമ്മാവന്‍ ഹനീഫയുടെ അമ്മാവൻ്റെ ജാമ്യാപേക്ഷയും ഒളിവിലുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

ആയഞ്ചേരി സ്വദേശിയായ ഷബ്ന ഓര്‍ക്കാട്ടേരിയിലെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്‍റെ അമ്മാവനായ ഹനീഫയെ മാത്രമായിരുന്നു പൊലീസ് ആദ്യം പ്രതി ചേര്‍ത്തിരുന്നത്. ഷബ്നയെ ഹനീഫ മര്‍ദ്ദിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ഇയാളെ അറസ്റ്റ് ചെയ്തു. പക്ഷേ മറ്റു ബന്ധുക്കളെ പ്രതി ചേര്‍ക്കാന്‍ പൊലീസ് ആദ്യം തയ്യാറായില്ല. ഇതില്‍ പ്രതിഷേധം ശക്തമായതിനd പിന്നാലെയാണ് ഷബ്നയുടെ ഭര്‍തൃപിതാവ് മഹമൂദ് ഹാജി, മാതാവ് നബീസ, സഹോദരി ഹഫ്സത്ത് എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തത്. ഗാര്‍ഹിക പീഡന നിരോധനനിയമം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണാ കുറ്റം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

പക്ഷേ ഒളിവില്‍ പോയ മറ്റ് പ്രതികളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ഇവര്‍ക്കായി അന്വേഷണം നടത്തുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഷബ്നയുടെ ഭര്‍ത്താവിന് മരണത്തില്‍ പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം നാലിനാണ് ഷബ്നയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe