ലോസ് ആഞ്ജലസ്: 97ാമത് ഓസ്കർ പുരസ്കാര വിജയികളെ പ്രഖ്യാപിച്ച് തുടങ്ങി. ‘ദ റിയല്‍ പെയിന്‍’ എന്ന സിനിമയിലെ അഭിനയത്തിന് കീറൻ കോകൻ മികച്ച സഹനടനായും ‘എമിലിയ പെരസി’ലെ അഭിനയത്തിന് സോയ സൽദാന മികച്ച സഹനടിയായും തെരഞ്ഞെടുത്തു.
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം ആയി ‘ഫ്ലോ’യും മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം ആയി ‘ഇൻ ദ ഷാഡോ ഓഫ് സൈപ്രസും’ തെരഞ്ഞെടുത്തു. ലാത്വിവിയയില്‍ നിന്ന് ഓസ്കര്‍ നേടുന്ന ആദ്യത്തെ ചിത്രമാണ് ‘ഫ്ലോ’.
‘വിക്കെഡ്’ മികച്ച വസ്ത്രാലങ്കാര പുരസ്‌കാരം നേടി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരനാണ് പോൾ ടേസ്വെൽ.
മികച്ച ഒറിജിനല്‍ തിരക്കഥക്കുള്ള പുരസ്കാരം ‘അനോറ’യുടെ രചന നിർവഹിച്ച സിയാൻ ബേക്കറും മികച്ച അഡാപ്റ്റഡ് തിരക്കഥക്കുള്ള പുരസ്കാരം പീറ്റർ സ്ട്രോഗന്‍റെ ‘കോണ്‍ക്ലേവും’ നേടി.
‘ദ സബ്സ്റ്റന്‍സ്’ മികച്ച മേക്കപ്പ് ഹെയര്‍ സ്റ്റെലിസ്റ്റ് പുരസ്കാരവും ‘അനോറ’യുടെ എഡിറ്റിങ്ങിന് സിയാൻ ബേക്കറിന് മികച്ച എഡിറ്റര്‍ക്കുള്ള പുരസ്കാരവും ലഭിച്ചു.
മറ്റ് പുരസ്കാരങ്ങൾ
- മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ – വിക്കെഡ്
- മികച്ച ഗാനം- എല്‍ മാല്‍ (ചിത്രം: എമിലിയ പെരെസ്)
- മികച്ച ഡോക്യുമെന്‍ററി ഷോർട്ട് ഫിലിം – ദി ഒൺലി ഗേൾ ഇൻ ദ ഓർകസ്ട്ര
- മികച്ച ഡോക്യുമെന്‍ററി ഫീച്ചർ ഫിലിം – നോ അതർ ലാൻഡ്
- മികച്ച സൗണ്ട് ഡിസൈൻ – ഡ്യൂൺ പാർട്ട് 2
- മികച്ച വിഷ്വൽ ഇഫക്ട്സ് – ഡ്യൂൺ പാർട്ട് 2
- മികച്ച ഷോർട്ട് ഫിലിം – ഐ ആം നോട്ട് റോബർട്ട്
- മികച്ച സിനിമോട്ടോഗ്രഫി – ദ് ബ്രൂട്ടലിസ്റ്റ്
ഇന്ത്യൻ സമയം പുലർച്ച 5.30നാണ് ഡോൾബി തിയറ്ററിൽ പ്രഖ്യാപനം ആരംഭിച്ചത്. ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ക്കുള്ള പ്രത്യേക ആദരവായി സംഗീത ഷോ ഓസ്കര്‍ വേദിയില്‍ നടന്നു. അന്തരിച്ച വിഖ്യാത നടൻ ജീൻ ഹാക് മാനെയും ഓസ്കര്‍ വേദിയിൽ സ്മരിച്ചു. കോനൻ ഒബ്രിയാനാണ് അവതാരകൻ.