കോഴിക്കോട്: പ്രിയപ്പെട്ട അര്ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. നാടിന്റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചശേഷമാണ് അര്‍ജുന്റെ മൃതദേഹം ചിതയിലേക്ക് എടുത്തത്. 11.45ഓടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജുന്റെ ചിതയ്ക്ക് തീകൊളുത്തി.
അര്‍ജുന്റെ മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോള്‍ ഒരു നാട് മാത്രമല്ല മലയാളികളൊന്നാകെയാണ് കണ്ണീരണിഞ്ഞത്. അത്രമേല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി അര്ജുൻ മാറിയിരുന്നു. ഓരോരുത്തരുടെയും കുടുംബത്തിലെ ഒരംഗം നഷ്ടമായ വേദനയാണ് കണ്ണാടിക്കല്‍ എത്തിയവര്‍ പങ്കിട്ടത്. കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്രയ്ക്കുശേഷമാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം ഇന്ന് രാവിലെയാണ് വീട്ടിലെത്തിച്ചത്. കുടുംബാംഗങ്ങളും നാട്ടുകാരും അവസാനമായി അർജുന് അന്ത്യാഞ്ജലി അർപ്പിച്ചു.
കേരളത്തിന്റെ മുഴുവൻ കണ്ണീരോർമയായാണ് അർജുൻ വിടവാങ്ങിയത്. ഷിരൂരിലെ ഗംഗാവലി പുഴയിലേക്ക് മല ഇടിഞ്ഞുവീണ് ലോറിയോടൊപ്പം കാണാതായി എഴുപത്തി രണ്ടാം ദിവസം കണ്ടെടുത്ത അർജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക നേതാക്കളും അടക്കം ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു.
അർജുൻ തന്നെ പണി കഴിപ്പിച്ച അമരാവതി എന്ന വീടിന്റെ മുറ്റത്ത് ഒരു മണിക്കൂർ നീണ്ട പൊതുദർശനത്തിന് ശേഷം സഹോദരൻ അഭിജിത്ത് ചിതയ്ക്ക് തീകൊളുത്തിയത്. അച്ഛനെ പ്രതീക്ഷയോടെ കാത്തിരുന്ന മൂന്നു വയസുകാരൻ മകൻ അയാൻ കണ്ടുനിന്നവരുടെ എല്ലാം കണ്ണുകളെ ഈറനണിയിച്ച നൊമ്പരമായി. അർജുന്റെ ഭാര്യ കൃഷ്ണപ്രിയ, സഹോദരിമാരായ അഞ്ജു, അഭിരാമി, അമ്മ ഷീല, അച്ഛൻ പ്രേമൻ എന്നിവർ വിങ്ങിപ്പൊട്ടി യാത്രാമൊഴിയേകി.
മൃതദേഹം വഹിച്ചുള്ള ആംബുലൻസിനെ അനുഗമിച്ച് വിലാപയാത്ര ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ ജനങ്ങൾ തിങ്ങി നിറഞ്ഞ ‘അമരാവതി’ എന്ന വീടിനരികിലേക്ക് എത്തിയത്. അവിടെ നിന്നും വീട്ടിലേക്കുളള വഴി നീളെ ആംബുലൻസിനെ അനുഗമിച്ച് പുരുഷാരം ഒഴുകിയെത്തി. മുദ്രാവാക്യം വിളികളോടെ അർജുനെ നാട് ഏറ്റുവാങ്ങി. ആദ്യം ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം അന്ത്യാഞ്ജലി അർപ്പിക്കാൻ സമയം നൽകി. പിന്നീട് നാട്ടുകാർക്കും അർജുന് ആദരമർപ്പിക്കാനായി പല നാടുകളിൽ നിന്നെത്തിയവർക്കുമായി പൊതുദർശനം നടന്നു. അര്‍ജുന്റെ ലോറി ഉടമ മനാഫ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്തിമോപചാരമര്‍പ്പിച്ചത്. ഈശ്വര്‍ മല്‍പെയും അന്തിമോപചാരമര്‍പ്പിച്ചു.