കണ്ണൂർ: അന്ധതയോ അവശതയോ ഉള്ള വോട്ടർമാർക്ക് ആയാസമില്ലാതെ വോട്ട് ചെയ്യുന്നതിന് സ്വന്തം സമ്മത പ്രകാരം 18 വയസ്സിൽ കുറയാത്ത ഒരാളെക്കൊണ്ട് വോട്ട് ചെയ്യിപ്പിക്കാം. ഇത് സംബന്ധിച്ചുള്ള ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തേ പുറപ്പെടുവിച്ചിരുന്നു.
ഒരു വോട്ടർക്ക് വോട്ടിങ് മെഷീന്റെ ബാലറ്റ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിഞ്ഞ് വോട്ട് ചെയ്യുന്നതിനുള്ള ബട്ടൺ അമർത്തുന്നതിനോ വോട്ടിങ് മെഷീനിലെ ബാലറ്റ് ബട്ടണോട് ചേർന്നുള്ള ബ്രെയ്ലി ലിപി സ്പർശിച്ച് വോട്ട് ചെയ്യുന്നതിനോ പരസഹായം കൂടാതെ കഴിയില്ലെന്ന് പ്രിസൈഡിങ് ഓഫീസർക്ക് ബോധ്യപ്പെടുന്ന പക്ഷം ഓപ്പൺ വോട്ട് അനുവദിക്കാം.
വോട്ടർക്ക് വേണ്ടി താൻ രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യസ്വഭാവം സൂക്ഷിച്ചു കൊള്ളാമെന്നും അന്നേദിവസം ഏതെങ്കിലും പോളിങ് സ്റ്റേഷനിൽ മറ്റേതെങ്കിലും വോട്ടറുടെ സഹായിയായി താൻ (ഓപ്പൺ വോട്ട് ചെയ്യുന്നയാൾ) പ്രവർത്തിച്ചിട്ടില്ലെന്നും രേഖപ്പെടുത്തിയ ഫോറം പ്രിസൈഡിങ് ഓഫീസർ വാങ്ങും.
പ്രിസൈഡിങ് ഓഫീസർ സഹായിയെ അനുവദിക്കുന്ന പക്ഷം വോട്ടറുടെ ഇടത് കൈയിലെ ചൂണ്ടുവിരലിലും സഹായിയുടെ വലത് കൈയിലെ ചൂണ്ടു വിരലിലും മഷി കൊണ്ട് അടയാളപ്പെടുത്തും.
ഓപ്പൺ വോട്ട് ചെയ്യുന്ന സഹായിയായി ഒരു സ്ഥാനാർഥിയെയോ പോളിങ് ഏജന്റിനെയോ അനുവദിക്കുകയില്ല. പ്രിസൈഡിങ് ഓഫീസറോ മറ്റേതെങ്കിലും പോളിങ് ഓഫീസറോ അന്ധതയോ അവശതയോ ഉള്ള വോട്ടർക്കൊപ്പം സഹായിയായി വോട്ടിങ് യന്ത്രമുള്ള അറയിലേക്ക് പോകാനും പാടില്ല.
