കൊച്ചി: ഓപ്പറേഷൻ സൈ ഹണ്ടിൽ കൊച്ചി നഗരത്തിൽ അറസ്റ്റിലായവർ എല്ലാവരും വിദ്യാർത്ഥികളെന്ന് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ. തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന 300 അക്കൗണ്ടുകളും കൊച്ചിയിൽ നിന്ന് മാത്രം കണ്ടെത്തി. ഇവരെ ബന്ധിപ്പിക്കുന്ന പെരുമ്പാവൂർ സ്വദേശിക്കായി അന്വേഷണം തുടരുകയാണ്. ഏലൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് ഏലൂർ സ്വദേശി അഭിഷേക് ബിജു, വെങ്ങോല സ്വദേശി ഹാഫിസ്, എടത്തല സ്വദേശി അൽത്താഫ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹാഫിസിനെ കസ്റ്റഡിയിലെടുത്തത് തട്ടിപ്പ് പണം എടിഎം വഴി പിൻവലിച്ച് ഇറങ്ങുന്നതിനിടെയാണ്. ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് ഇന്നലെ മാത്രം പിൻവലിച്ചത് 6 ലക്ഷത്തിലേറെ രൂപയാണ്. ഇവരെ ബന്ധിപ്പിക്കുന്ന പെരുമ്പാവൂർ സ്വദേശിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. തട്ടിപ്പ് പണം എത്തിയിരുന്നത് കോളേജ് വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്കാണ്. ഗെയിമിങ്ങിലൂടെ പണം ലഭ്യമാക്കാം എന്ന് കബളിപ്പിച്ചാണ് നിരവധി വിദ്യാർത്ഥികളുടെ അക്കൗണ്ട് വിവരങ്ങൾ ഇവർ വാങ്ങിയത്. തട്ടിപ്പിന്‍റെ ഭാഗമാണെന്ന് അറിയാതെയാണ് വിദ്യാർത്ഥികൾ അക്കൗണ്ട് വിവരങ്ങൾ കൈമാറിയതും. അക്കൗണ്ടുകൾ നൽകിയ കൂടുതൽ വിദ്യാർത്ഥികളുടെ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. വിദ്യാർത്ഥികൾക്ക് അവബോധം നൽകാൻ കോളേജുകൾ കേന്ദ്രികരിച്ച് ബോധവൽക്കരണ പരിപാടികൾ നടത്താൻ ഒരുങ്ങുകയാണ് കൊച്ചി സിറ്റി പൊലീസ്.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            