ഓപ്പറേഷൻ സിന്ദൂർ : ‘തകർത്തത് കഴിഞ്ഞ 3 പതിറ്റാണ്ടായി പാക്കിസ്ഥാൻ വളർത്തിയ ഭീകരകേന്ദ്രങ്ങൾ; ഇത് പ്രിസിഷൻ അറ്റാക്ക്’ –

news image
May 7, 2025, 6:46 am GMT+0000 payyolionline.in

ന്യൂഡൽഹി ∙ കഴിഞ്ഞ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പാക്കിസ്ഥാൻ വളർത്തിയെടുത്ത ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ‌ സൈന്യം തകർത്തതെന്ന് കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും. കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ സിന്ദൂർ എന്നു പേരിട്ട സൈനിക നീക്കം. സാധാരണ ജനങ്ങള്‍ക്ക് അപകടമുണ്ടാകാത്ത വിധമാണ് ആക്രമണ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തതെന്നും ആക്രമണം നടത്തിയതെന്നും അവർ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി ഔദ്യോഗിക വിശദീകരണം നൽകാൻ നടത്തിയ വാർത്താസമ്മേളനത്തിൽ  വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കൊപ്പം പങ്കെടുത്തു സംസാരിക്കുകയായിരുന്നു കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും.

‘കൊളാറ്ററൽ ഡാമേജ്’ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണത്തിനു വേണ്ട ആയുധങ്ങൾ പോലും തിരഞ്ഞെടുത്തതെന്ന് അവർ പറഞ്ഞു. പൊതുജനത്തിന് അപകടമുണ്ടാകാതിരിക്കാൻ വേണ്ടിയായിരുന്നു അത്. പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെയൊന്നും ലക്ഷ്യമിട്ടിട്ടില്ല. അതീവ സൂക്ഷ്മതയോടെയായിരുന്നു ആക്രമണം. ഒരു ശസ്ത്രക്രിയ നടത്തുന്നത്ര ‘ക്ലിനിക്കൽ കൃത്യത’യോടെ. പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും വിധത്തിലുള്ള പ്രകോപനം ഉണ്ടായാൽ ഇന്ത്യ തിരിച്ചടിക്കും. അതിനുള്ള എല്ലാ തയാറെടുപ്പുകളും ഇന്ത്യൻ സേന നടത്തിയിട്ടുണ്ടെന്നും കേണൽ ഖുറേഷിയും വിങ് കമാൻഡർ സിങ്ങും വ്യക്തമാക്കി.

പഹൽഗാം ഭീകരാക്രണത്തിനു തിരിച്ചടി നൽകി ഓപ്പറേഷൻ സിന്ദൂർ അരങ്ങേറി മണിക്കൂറുകൾക്കകമാണ് വിദേശകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ വാർത്താസമ്മേളനം നടത്തിയത്.

ഇന്ത്യ നേരിട്ട പഴയ ഭീകരാക്രമണങ്ങളെപ്പറ്റി എടുത്ത് പറഞ്ഞാണ് വിക്രം മിശ്രി വാർത്താസമ്മേളനം ആരംഭിച്ചത്. ജമ്മു കശ്മീരിൽ സമാധാനം തിരിച്ചെത്തിയെന്നതു മനസ്സിലാക്കി അതിനെ തകർക്കാനാണ് പഹൽഗാമിൽ ഭീകരർ ശ്രമിച്ചത്. പൈശാചികമായ ആക്രമണമായിരുന്നു അത്. കുടുംബാംഗങ്ങൾക്കു മുന്നിൽ ആളുകൾ‌ വെടിയേറ്റു വീണു. ഇന്ത്യയ്ക്കു നേരേയുള്ള ആക്രമണമായിരുന്നു അത്. കശ്മീരിലെ വിനോദസഞ്ചാര മേഖലയെ തകർക്കുകയെന്നതും ഭീകരരുടെ ലക്ഷ്യമായിരുന്നു. ഇന്ത്യയിലെ സാമുദായിക സൗഹാർദമില്ലാതാക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. ഇന്ത്യയിൽ മതസ്പർധ വളർത്താൻ പാക്കിസ്ഥാൻ ശ്രമിച്ചു. എന്നാൽ ഇന്ത്യൻ ജനത ആ ശ്രമത്തെ പരാജയപ്പെടുത്തി.

ആഗോളഭീകരരുടെ ആശ്രയമാണ് പാക്കിസ്ഥാൻ. 2008ന് ശേഷം നടന്ന ഏറ്റവും നിഷ്ഠൂരമായ ആക്രമണമാണ് പഹൽഗാമിലേത്. അതിൽ പാക്കിസ്ഥാന്റെ പങ്ക് വളരെ വ്യക്തമാണ്. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ ഇന്ത്യ അനുവദിക്കില്ല. ടിആർഎഫിനെപ്പോലെയുള്ള സംഘടനകളെ ലഷ്കറും ജയ്ഷെ മുഹമ്മദും ഉപയോഗിക്കുകയാണ്. ഭീകരരെയും അവരെ ഉപയോഗിക്കുന്നവരെയും നമ്മൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിർത്തി കടന്നുള്ള ഭീകരവാദത്തെ പാക്കിസ്ഥാനാണ് ഏറെക്കാലമായി സ്പോൺസർ ചെയ്യുന്നത്. നമ്മൾ നയതന്ത്രപരമായ നടപടികൾ ഏറെ കൈക്കൊണ്ടു. പാക്കിസ്ഥാൻ അപ്പോഴെല്ലാം വിഷയം വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത്. ഇന്ത്യക്കെതിരെയുള്ള ആക്രമണങ്ങൾ തടയുക എന്നതു പരമപ്രധാനമാണ്. തിരിച്ചടിക്കാനുള്ള അവകാശമാണ് ഇന്ത്യ ഉപയോഗിച്ചത്. പഹൽഗാമിലെ ആക്രമണകാരികളെ ഇന്ത്യ ശിക്ഷിച്ചു. തീവ്രവാദികളുെട സുരക്ഷിത താവളമാണ് പാക്കിസ്ഥാൻ. രാജ്യാന്തര സംഘടനകളെ പാക്കിസ്ഥാൻ തെറ്റിദ്ധരിപ്പിക്കുകയാണ്.

ഏപ്രിൽ 22 ന് ഭീകരാക്രമണത്തിന് ഇന്ത്യ മറുപടി നൽകി. ഇന്ത്യ ഇന്ന് പുലർച്ചെ ആക്രമിച്ചത് പാക്കിസ്ഥാനിലെ ഭീകരരെയും അവരുടെ കേന്ദ്രങ്ങളെയുമാണ്. പഹൽഗാം ആക്രമണം നടന്ന് 14 ദിവസമായിട്ടും പാക്കിസ്ഥാൻ അവരുടെ മണ്ണിലെ ഭീകരർക്കെതിരെ ഒരു നടപടി പോലും എടുത്തില്ല. അതിനാലാണ് ഇന്ത്യ തിരിച്ചടിക്കാൻ തീരുമാനിച്ചത്. ഭീകരതാവളങ്ങളാണ് ഇന്ത്യ ലക്ഷ്യം വച്ചത്. അതിർത്തി കടന്ന് ഇനി ഭീകരർ ഇന്ത്യയിലേക്കു വരാതിരിക്കുക എന്ന ലക്ഷ്യത്തോടെ, പാക്കിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും വിക്രം മിശ്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe