ന്യൂഡൽഹി∙ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഗ്നി 5 മിസൈൽ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷൻ ദിവ്യാസ്ത്രയുടെ ഭാഗമായാണ് അഗ്നി 5 മിസൈൽ പരീക്ഷണം നടത്തിയത്. ആണവായുധ ശേഷിയുള്ള മിസൈലാണ് അഗ്നി 5. ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ തകർക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണിത്. മിസൈൽ പരീക്ഷണം വിജയിച്ചതിൽ ഡിആർഡിഒ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ ഭൂപരിധി 5500 കിലോമീറ്ററാണ്. ഓപ്പറേഷൻ ദിവ്യാസ്ത്രയുടെ പ്രോജക്ട് ഡയറക്ടർ ഒരു വനിതയായിരുന്നു. പദ്ധതിയിൽ ഉടനീളം സ്ത്രീകളുടെ സാന്നിധ്യമുണ്ടായിരുന്നതായി സർക്കാർ വൃത്തങ്ങൾ പറയുന്നു. പരീക്ഷണം വിജയമായതോടെ ഒന്നിലധികം ലക്ഷ്യങ്ങളെ തകർക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ഉൾപ്പെട്ടതായി അധികൃതർ അറിയിച്ചു.