പഹല്‍ഗാമില്‍ 26 പേരെ വെടിവച്ച് കൊലപ്പെടുത്തിയ തീവ്രവാദി ആക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടിയെന്തായിരിക്കുമെന്ന ആശങ്കയിലായിരുന്നു കഴിഞ്ഞ 14 ദിവസമായി പാകിസ്ഥാന്. ഒടുവില്‍ 15 -ാം നാൾ ഇന്ത്യ തിരിച്ചടിച്ചിരിക്കുന്നു. 9 പാക് തീവ്രവാദി ക്യാമ്പുകൾ തെരഞ്ഞെടുത്ത ഇന്ത്യന്‍ സൈന്യം അപ്രതീക്ഷിതമായ സമയത്ത് ആക്രമണം നടത്തി. ഓപ്പറേഷന് സിന്ദൂര്‍ എന്ന് പേരിട്ട ഇന്ത്യയുടെ അക്രമണത്തിന് പിന്നാലെ പാകിസ്ഥാനികൾ ഗൂഗിളില്‍ തെരഞ്ഞെ പ്രധാനപ്പെട്ട വാക്കുകൾ പുറത്ത് വിട്ട് ഗൂഗിൾ.
എന്താണ് ‘സിന്ദൂർ’? എന്നായിരുന്നു പാകിസ്ഥാനില്‍ നിന്നും ഏറ്റവും കൂടുതല്‍ ആളുകൾ ഗൂഗിളില്‍ തെരഞ്ഞത്. ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ആക്രമണത്തിന്റെ ശക്തമായ ഓർമ്മപ്പെടുത്തലായി ഓപ്പറേഷന് സിന്ദൂർ. അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികൾ, വിനോദ സഞ്ചാര കേന്ദ്രത്തിലെത്തി ഭാര്യമാരുടെ മുന്നില്‍ വച്ച് മതം ചോദിച്ച് ഭര്ത്താക്കന്മാരെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിക്ക് ഇന്ത്യന്‍ സൈന്യം തെരഞ്ഞെടുത്ത പേരാണ് സിന്ദൂര്‍. അടുത്തിടെ വിവാഹം കഴിഞ്ഞ നവദമ്പതികളെ വരെ തോക്കിന് മുന്നില്‍ നിര്‍ത്തി വെടിവച്ച് കൊലപ്പെടുത്തിയ തീവ്രവാദികൾക്കുള്ള മറുപടിക്ക് ‘സിന്ദൂര്‍’ എന്ന വാക്കിനോളം ശക്തമായ മറ്റൊരു വാക്കില്ല. വിവാഹിതരായ ഹിന്ദു സ്ത്രീകൾ ഭര്ത്താക്കന്മാരുടെ ഐശ്വര്യത്തിനായി നെറ്റിയില്‍ ചാര്‍ത്തുന്ന തിലകമാണ് സിന്ദൂർ. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ ഓപ്പറേഷന്, ‘ഓപ്പറേഷന് സിന്ദൂര്‍’ എന്ന പേര് നല്‍കിയതെന്ന് വാര്‍ത്തകളുണ്ടായിരുന്നു.