ഓപ്പറേഷന് എന്തുകൊണ്ട് പേര് സിന്ദൂര്‍; മറക്കാനാവില്ല, മാഞ്ഞുപോയ ആ സിന്ദൂരം

news image
May 7, 2025, 4:34 am GMT+0000 payyolionline.in

പഹല്‍ഗാമിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ പേര് ഓപ്പറേഷന്‍ സിന്ദൂര്‍ എന്നാണ്. തിരിച്ചടി വിവരം പങ്കുവെച്ച് ഇന്ത്യന്‍ സൈന്യം പങ്കുവെച്ച പോസ്റ്റിലും ചിതറിത്തെറിച്ച സിന്ദൂരത്തിന്റെ ചിത്രമാണുള്ളത്. പഹല്‍ഗാമിലെ താഴ്‌വരയില്‍ കണ്‍മുന്നില്‍ രക്തം പൊടിഞ്ഞ് ജീവന്‍വെടിയേണ്ടി വന്നവരുടെ ഭാര്യമാരുടെ കണ്ണീര്‍ തോര്‍ന്നിട്ടില്ല. ഭർത്താക്കന്മാരെ നഷ്ടപ്പെട്ട അവര്‍ക്കുള്ള ആദരം കൂടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര്. ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിന്റേയും വിവാഹജീവിതത്തിന്റെ ഐശ്വര്യത്തിന്റേയും പ്രതീകമായാണ് സിന്ദൂരരേഖയിൽ ചാർത്തുന്ന ആ ചുവന്നപൊട്ടിനെ ഇന്ത്യൻ സ്ത്രീകൾ കണക്കാക്കുന്നത്. പരമ്പരാഗതമായും സാംസ്‌കാരികമായും ഈ ചുവന്ന തിലകത്തിന് പ്രാധാന്യമുണ്ട്.

 

പഹല്‍ഗാം ഭീകരാക്രമണത്തിലെ കണ്ണീര്‍കാഴ്ചയായിരുന്നു ആറ് ദിവസം മുന്‍പ് മാത്രം വിവാഹിതയായ ഹിമാന്‍ഷി നര്‍വാളിന്റെ ചിത്രം. മധുവിധു ആഘോഷിക്കാനായി കശ്മീരിലെത്തിയ ഇരുവരുടേയും വിധി മറ്റൊന്നായിരുന്നു. ഭര്‍ത്താവും നേവി ഓഫീസറുമായ ലഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ മൃതദേഹത്തിനരികില്‍ കണ്ണീരോടെയിരിക്കുന്ന ഹിമാന്‍ഷിയുടെ ചിത്രം ആക്രമണത്തിന്റെ മുഖചിത്രമായി. വിനയ് നര്‍വാളിന്റെ സംസ്‌കാരചടങ്ങില്‍ സിന്ദൂരമണിയാതെ പങ്കെടുത്ത ഹിമാന്‍ഷിയേയും ഇന്ത്യ കണ്ടു.

പഹല്‍ഗാമിന് ഉടന്‍ തിരിച്ചടിയെന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ദൃഢനിശ്ചയത്തിന് പിന്നില്‍ ഹിമാന്‍ഷിയുള്‍പ്പെടെയുള്ള അനേകം വനിതകളുടെ കരഞ്ഞുകണ്ണീര്‍ വറ്റിയ മുഖം കൂടിയുണ്ട്. അവര്‍ക്കുള്ള ആദരം കൂടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര്. പോരാളികളായിറങ്ങുന്നവരും നെറ്റിയില്‍ ചുവന്ന സിന്ദൂരം ചാര്‍ത്തുന്ന രീതി പരമ്പരാഗതമായി നിലനില്‍ക്കുന്നുണ്ട്. രജ്പുത്, മറാത്ത യോദ്ധാക്കന്മാര്‍ പോരാട്ടത്തിനിറങ്ങുമ്പോള്‍ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയിറങ്ങുന്നതാണ് രീതി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിന്ദൂര്‍ കൃഷി ചെയ്യുന്നത് കശ്മീരിലാണെന്നതും മറ്റൊരു കാര്യം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe