ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ല; തദ്ദേശ സ്ഥാപന അധ്യക്ഷരായ അധ്യാപകര്‍ അവധിയെടുക്കണം: ഹൈക്കോടതി

news image
Nov 4, 2025, 7:58 am GMT+0000 payyolionline.in

തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ലെന്ന് ഹൈക്കോടതി. തദ്ദേശ സ്ഥാപന അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ അവധിയെടുക്കണം. രണ്ടു പ്രതിഫലവും കൈപ്പറ്റാന്‍ അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

തദ്ദേശ സ്ഥാപനങ്ങളുടെ പ്രസിഡന്റ്/ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ പ്രതിഫലം ( ഓണറേറിയം) കൈപ്പറ്റുന്നതോടൊപ്പം എയ്ഡഡ് സ്‌കൂള്‍ അധ്യാപകന്‍/ അധ്യാപിക എന്ന നിലയില്‍ പൂര്‍ണ ശമ്പളം വാങ്ങാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കോഴിക്കോട് നരിക്കുനി എഎംഎല്‍പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന വി ഖദീജയ്ക്ക് രണ്ട് പ്രതിഫലവും അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

സിംഗിള്‍ ബെഞ്ചിന്റെ 2024 നവംബര്‍ 14 ലെ ഉത്തരവ് ചോദ്യം ചെയ്തു സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ്, ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവു പുറപ്പെടുവിച്ചത്. ഖദീജ 2010 നവംബര്‍ 8 മുതല്‍ 2012 നവംബര്‍ 21 വരെ മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഹെഡ്മിസ്ട്രസ് ചുമതലയിലും തുടര്‍ന്ന ഖദീജ, സ്‌കൂളില്‍ നിന്നും ആകെ 36 ദിവസത്തെ കമ്യൂട്ടഡ് അവധിയാണ് എടുത്തത്.

പ്രസിഡന്റ് എന്ന നിലയിലുള്ള ഓണറേറിയത്തിനൊപ്പം അധ്യാപിക എന്ന നിലയിലുള്ള ശമ്പളവും വാങ്ങി. എന്നാല്‍ 2010 ഒക്ടോബര്‍ മുതല്‍ 2012 നവംബര്‍ വരെയുള്ള ശമ്പളം തിരിച്ചുപിടിക്കാന്‍ വിദ്യാഭ്യാസ അധികൃതര്‍ നിര്‍ദേശം നല്‍കി. ഇതു നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഖദീജയ്ക്ക് അനുകൂലമായി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതു ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe