തിരുവനന്തപുരം: ഓണക്കാലത്ത് കുടുംബശ്രീ സംരംഭകരും കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങളും വിപണിയില്‍ നിന്ന് സ്വന്തമാക്കിയത് 40.44 കോടി രൂപ. 1378 ടൺ പച്ചക്കറിയും 109 ടൺ പൂക്കളുമാണ് കുടുംബശ്രീ പ്രവർത്തകർ ഈ ഓണക്കാലത്ത് ഉത്പാദിപ്പിച്ചത്. സംസ്ഥാനത്താകെ നടത്തിയ ഓണം വിപണന മേളകള്‍, ഓണസദ്യ, ഓണംഗിഫ്റ്റ് ഹാമ്പര്‍ വില്‍പ്പന എന്നിവയിലൂടെയാണ് ഇത്രയും വരുമാനം കുടുംബശ്രീ അംഗങ്ങള്‍ സ്വന്തമാക്കിയത്.
1943 ഓണംവിപണന മേളകളിലൂടെ 31.9 കോടി രൂപയാണ് കുടുംബശ്രീ നേടിയ വിറ്റുവരവ്. സംരംഭകരും കൃഷി സംഘ (ജെഎല്‍ജി) അംഗങ്ങളും ഉത്പാദിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ് വിപണനമേളകളിലൂടെ കുടുംബശ്രീ പൊതുവിപണിയില്‍ എത്തിച്ചത്. കുടുംബശ്രീ പോക്കറ്റ്മാര്‍ട്ട് ഇ-കൊമേഴ്‌സ് ആപ്ലിക്കേഷനിലൂടെയും സിഡിഎസുകള്‍ വഴിയും 98,910 ഓണം ഗിഫ്റ്റ് ഹാമ്പറുകളാണ് വിറ്റഴിച്ചത്. കുടുംബശ്രീയുടെ വിവിധ ഉത്പന്നങ്ങളടങ്ങിയ ഈ ഗിഫ്റ്റ് ഹാമ്പറുകളിലൂടെ 6.3 കോടി രൂപയുടെ വിറ്റുവരവ് നേടി. കൂടാതെ 1,22,557 ഓണസദ്യകളുടെ ഓര്‍ഡറും കുടുംബശ്രീ സംരംഭകര്‍ പൂര്‍ത്തിയാക്കി നല്‍കി. ഇതിലൂടെ 2.24 കോടി രൂപയുടെ വിറ്റുവരവുമുണ്ടായി.
ഓണം ലക്ഷ്യമിട്ട് നടത്തിയ പ്രത്യേക വിളകളുടെ ‘ഓണക്കനി’ പച്ചക്കറി കൃഷി, ‘നിറപ്പൊലിമ’ പൂകൃഷി എന്നിവയിലൂടെ കുടുംബശ്രീ കൃഷിസംഘാംഗങ്ങള്‍ 10,32,33,253 രൂപയുടെ വിറ്റുവരവ് നേടി. ഓണം വിപണന മേളകളിലൂടെയാണ് പ്രധാനമായും ഈ ഉത്പന്നങ്ങള്‍ വിറ്റഴിച്ചത്. 8913 ഏക്കറിലായിരുന്നു ഓണക്കനി കൃഷി. പൂകൃഷി 1820 ഏക്കറിലും. 1378 ടൺ പച്ചക്കറിയും 109 ടൺ പൂക്കളും ഇത്തവണ വിപണിയിലെത്തിച്ചു.
കഴിഞ്ഞ വർഷം 28.47 കോടി രൂപയുടെ വരുമാനമാണ് ഓണക്കാലത്ത് കുടുംബശ്രീക്കുണ്ടായത്.