പാലക്കാട്: സംസ്ഥാന റഗുലേറ്ററി കമീഷൻ അംഗീകരിച്ച 2023-24 വർഷത്തെ കെ.എസ്.ഇ.ബിയുടെ വരവ് ചെലവ് കണക്കായ ട്രൂയിങ് അപ് അക്കൗണ്ടിൽ നഷ്ടം 731 .22 കോടി. ആ വർഷത്തെ ഓഡിറ്റ് രേഖയിൽ 218.51 കോടി രൂപ ലാഭം കണക്കാക്കിയ രേഖയാണ് റഗുലേറ്ററി കമീഷന്റെ മുന്നിലെത്തിയപ്പോൾ നഷ്ടത്തിലെത്തിയത്.
1323.55 കോടി രൂപയുടെ നഷ്ടം വിശദീകരിച്ച കണക്കുകൾ നിരത്തിയ കെ.എസ്.ഇ.ബി രേഖ വിലയിരുത്തി റഗുലേറ്ററി കമീഷനാണ് 731 .22 കോടിയുടെ നഷ്ടം അംഗീകരിച്ചത്. ഇനി ഈ നഷ്ടത്തുക അടുത്ത താരിഫ് പെറ്റീഷനിൽ ജനത്തിന്റെ തലയിൽ വൈദ്യുതി ചാർജ് വർധനവായി അടിച്ചേൽപിക്കാനുള്ള അംഗീകാരം കൂടിയാണ് ട്രൂയിങ് അപ് രേഖയിലെ അംഗീകാരം.
2023-24ലെ നഷ്ടത്തുക ഏറ്റെടുത്ത വകയിൽ സർക്കാർ കെ.എസ്.ഇ.ബിയുടെ അക്കൗണ്ടിലിട്ട് തിരിച്ചെടുത്ത തുകയായ 494.28 കോടിരൂപയും റഗുലേറ്ററി കമീഷന്റെ കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ തുക ഏപ്രിലിൽ സർക്കാർ ട്രഷറിയിൽ കെ.എസ്.ഇ.ബിക്കായി നിക്ഷേപിച്ച ശേഷം തിരിച്ചെടുക്കുകയായിരുന്നു. ഓഡിറ്റ് ചെയ്ത കണക്കിന് പുറമെ കെ.എസ്.ഇ.ബി റഗുലേറ്ററി കമീഷന് മുമ്പിൽ അധിക ചെലവ് കാണിച്ചതോടെയാണ് വരവ് ചെലവ് കണക്കുകൾക്കിടെയുള്ള വ്യത്യാസം 1323.55 കോടി രൂപയിലെത്തിയത്. ഈ തുക വെട്ടിക്കിഴിച്ചാണ് കമീഷൻ അന്തിമ നഷ്ടക്കണക്ക് പ്രഖ്യാപിക്കുന്നത്.
ജീവനക്കാരുടെ രണ്ട് ഗഡു ശമ്പള പരിഷ്കരണ ആവശ്യവും റഗുലേറ്ററി കമീഷൻ അംഗീകരിച്ചിട്ടില്ല. 2025 ഏപ്രിൽ മാസം വരെ ആകെ 2044.31 കോടി രൂപയുടെ ഭൂസ്വത്ത് കെ.എസ്.ഇ.ബിക്കുണ്ടെന്നും
1437 ൽ 588 സെക്ഷൻ ഓഫിസുകളും വാടകക്കെട്ടിടത്തിലാണെന്നും അറിയിച്ചിട്ടുണ്ട്. 2023-24 വർഷം 27603.44 കോടി രൂപക്കുള്ള വൈദ്യുതി വിറ്റു. കഴിഞ്ഞ വർഷത്തേക്കാൾ 2680.7 മില്യൺ യൂനിറ്റിന്റെ വർധനവായിരുന്നു ഇത്.വിതരണ നഷ്ടം 7.28 ശതമാനമാണ്.ഉപഭോക്താക്കളുടെ എണ്ണത്തിൽ 1.6 ശതമാനം വർധനവ്. ഉപഭോഗത്തിൽ 1659 .71 മെഗാവാട്ടിന്റെ വർധനവുണ്ടായി. ജല അതാറിറ്റി കുടിശ്ശികയുടെ പേരിൽ 706.89 കോടി രൂപ അടക്കേണ്ടതുൾപ്പെടെ അധികമായി 750 കോടി രൂപ കെ.എസ്.ഇ.ബിക്ക് ലഭിച്ചു. കിഫ്ബിയിൽ നിന്ന് 2000 കോടി വായ്പയെടുത്തതിന് 9.5 ശതമാനം പലിശ കൊടുക്കുന്നത് വളരെ കൂടുതലാണെന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പസാധ്യത തേടണമെന്നും കമീഷൻ നിർദേശിച്ചിട്ടുണ്ട്.
നിയമന നിരോധത്തെപ്പറ്റി പ്രതികരിക്കാതെ റഗുലേറ്ററി കമീഷൻ
ജീവനക്കാരില്ലാതെ കെ.എസ്.ഇ.ബി ഓഫിസുകൾ വലയുകയാണെന്നും ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോട്ട് ചെയ്യാൻ കെ.എസ്.ഇ.ബിയോട് നിർദേശിക്കണമെന്ന സി.ഐ.ടിയു വർക്കേഴ്സ് അസോസിയേഷന്റെ ആവശ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി റഗുലേറ്ററി കമീഷൻ. സർക്കാരിന് മുമ്പിൽ വിഷയം അവതരിപ്പിക്കാനായിരുന്നു മറുപടി. 30000 ജീവനക്കാരെ കമീഷൻ അംഗീകരിച്ചിട്ടുണ്ടെങ്കിലും നിലവിൽ 27000 ൽ താഴേ മാത്രമേ ജീവനക്കാരുള്ളൂവെന്നായിരുന്നു യൂനിയൻ വക്താക്കൾ ചൂണ്ടിക്കാട്ടിയത്.