ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ശുചിത്വമില്ലായ്മയെപറ്റി യാത്രക്കാരുടെ പരാതി നിരവധിയാണ്. ട്രെയിൻ കമ്പാർട്ട്മെന്റുകളിലെയും ശുചിമുറികളിലെയും ശുചിത്വമില്ലായ്മയെ കുറിച്ച് കോടതികളിൽപോലും പരാതികളുണ്ട്. എന്നാൽ ഇപ്പോൾ മുതിർന്ന ഐ.ആർ.സി.ടി.സി ജീവനക്കാരൻ മാലിന്യവീപ്പയിലെ മാലിന്യങ്ങൾ ഓടുന്ന ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വലിച്ചെറിയുന്ന ശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
വിഡിയോ പുറത്തുവന്നതിനെ തുടർന്ന് ജീവനക്കാരനെ അധികൃതർ പുറത്താക്കി. കൂടാതെ കനത്ത പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ‘ആരാണ് ഉത്തരവാദി?’ എന്ന തലവാചകം ചേർത്ത ചെയ്ത വിഡിയോയാണ് വൈറലാകുന്നത്. ഓടുന്ന ട്രെയിനിൽ നിന്ന് നിറഞ്ഞുകവിഞ്ഞ മാലിന്യക്കൂമ്പാരം ട്രാക്കിലേക്ക് റെയിൽവേ ജീവനക്കാരൻ വലിച്ചെറിയുന്നത് ദൃശ്യങ്ങളിൽ കാണാം.
ജീവനക്കാരോട് മാലിന്യം ട്രാക്കിലേക്ക് വലിച്ചെറിയരുതെന്ന് ചില യാത്രക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും മറ്റൊരു സ്ഥലവുമില്ലാത്തതിനാൽ എവിടെയാണ് മാലിന്യം കാലിയാക്കേണ്ടതെന്ന് ചോദിച്ചുകൊണ്ട് അയാൾ തന്റെ പ്രവൃത്തിയെ ന്യായീകരിക്കുകയായിരുന്നു.
വിഡിയോ വൈറലായതിനെത്തുടർന്ന് ഇന്ത്യൻ റെയിൽവേ ട്വീറ്റുമായി രംഗത്തെത്തി. ‘ഇന്ത്യൻ റെയിൽവേയിൽ മാലിന്യ നിർമാർജനത്തിന് നല്ല സംവിധാനം ഉണ്ട്. ഇത് ലംഘിച്ച ജീവനക്കാരനെ നീക്കം ചെയ്യുകയും കനത്ത പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ട്രെയിനുകളുടെയും റെയിൽവേ പരിസരങ്ങളുടെയും ശരിയായ ശുചിത്വം ഉറപ്പാക്കാൻ ജീവനക്കാർക്ക് കൗൺസലിങ് നൽകുകയും ചെയ്യുന്നു’.
മുന്നറിയിപ്പുകൾ അവഗണിച്ച് ഒരു മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ ഓടുന്ന ട്രെയിനിൽ നിന്ന് മാലിന്യം വലിച്ചെറിയുന്നു. സങ്കൽപ്പിക്കാൻ പോലും ഭയമാണ്’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.