പാലക്കാട്: ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുചെയ്യാനെത്തി. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുലിന് വോട്ട്. രാഹുലിന് എതിരായ രണ്ടു കേസിലും അറസ്റ്റ് തടഞ്ഞതോടെ ഒളിവിലുള്ള രാഹുൽ പുറത്തേക്ക് വരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. 15 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഒളിവില്‍ നിന്ന് പുറത്തെത്തുന്നത്. തിരക്കില്ലാത്ത സമയത്താണ് രാഹുല്‍ വോട്ടുചെയ്യാനെത്തിയത്. എല്ലാം കോടതിക്ക് മുന്നിലുണ്ട്, കോടതി തീരുമാനിക്കും എന്നാണ് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസിൽ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പരാതിക്ക് പിന്നിൽ സമ്മർദ്ദമുണ്ടെന്ന വാദം തള്ളിക്കളയാനാകില്ലെന്നും രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി വ്യക്തമാക്കി. രാഹുൽ ബലാത്സംഗം ചെയ്തെന്ന കേസിനെയും പരാതിയെയും സംശയിച്ചാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിമുൻകൂർ ജാമ്യം നൽകിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം പരാതിക്കാരിയുടെ മൊഴി എടുത്തതിൽ അസ്വാഭാവികതയുണ്ടെന്നും അത് കൊണ്ട് തന്നെ പരാതിക്ക് പിന്നിൽ സമ്മർദ്ദമുണ്ടാകാനുള്ളസാധ്യത തള്ളിക്കളയാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. യുവതിക്ക് പരാതിയുമായി മുന്നോട്ട് പോകാൻ താല്പര്യം ഇല്ലായിരുന്നുവെന്ന് മൊഴികളിൽ വ്യക്തമാണ്. കേസിനാസ്പദമായ സംഭവം നടന്ന ശേഷവും യുവതിയും രാഹുലും തമ്മിലുള്ള ഇൻസ്റ്റ ചാറ്റുകളുണ്ട്. പ്രോസിക്യൂഷൻ ഹാജരാക്കിയ ചില ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ പരിശോധിക്കുമ്പോൾ ഉഭയകക്ഷി ബന്ധമാണ് ഉണ്ടായിരുന്നതെന്ന സംശയമുണ്ട്. ചില സ്ക്രീൻ ഷോട്ടുകൾ മായ്ചച് കളഞ്ഞതും സംശയത്തിനടയാക്കുന്നു. അതിനാൽ പ്രോസിക്യൂഷൻ ഹാജാക്കിയ തെളിവുകൾ ബലാത്സംഗം നടന്നുവെന്ന് തെളിയിക്കാനാകില്ലെന്ന് കാണിച്ചാണ് മുൻകൂർ ജാമ്യം.
കേസ് രാഷ്ട്രീപ്രേരിതമാണെന്നായിരുന്നു രാഹുലിൻറെ വാദം. ആ വാദം ശരിവെക്കും വിധത്തിലാണ് കോടതി നിരീക്ഷണം. ഉപാധികളോടെയാണ് മുൻകൂർ ജാമ്യം നല്‍കിയത്. രണ്ടാഴ്ച കൂടുമ്പോഴുള്ള തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം. രാവിലെ 10 മുതൽ 11 വരെയാണ് ഹാജരാകേണ്ടത്. അന്തിമ കുറ്റപത്രം നൽകും വരെയോ അല്ലെങ്കിൽ മൂന്നുമാസമോ ഹാജരാകണം. അറസ്റ്റ് ചെയ്താൽ വിട്ടയക്കണം എന്നതടക്കമാണ് ഉപാധികൾ. എന്നാൽ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷൻ നീക്കം. ബെംഗളൂരുവിൽ താമസിക്കുന്ന 23 കാരിയായ മലയാളി യുവതിയെ പത്തനംതിട്ടയിലെ ഹോം സ്റ്റേയിൽ ബലാത്സംഗം ചെയ്തെന്നായിരുന്നു കേസ്. കെപിസിസി പ്രസിഡണ്ടിനായിരുന്നു യുവതി ആദ്യം പരാതി നൽകിയത്. രണ്ടു കേസിലും അറസ്റ്റ് തടഞ്ഞതോടെ ഒളിവിലുള്ള രാഹുൽ പുറത്തേക്ക് വരുമെന്നാണ് വിവരം. നാളെ പാലക്കാട് രാഹുൽ വോട്ട് ചെയ്യാനെത്തുമെന്നാണ് അഭ്യൂഹങ്ങൾ.
