ഒളവണ്ണ : കടുത്ത ചൂടിൽ പുഴയിലും വയലേലകളിലും കിണറുകളിലും വെള്ളം ക്രമാതീതമായി കുറയുമ്പോൾ ഒരു വീട്ടിലെ കിണറിൽ വെള്ളം നിറഞ്ഞൊഴുകുന്നു. ഇരിങ്ങല്ലൂർ പറശ്ശേരി താഴത്ത് ഐമാവതിയുടെ വീട്ടുമുറ്റത്തെ കിണറാണ് ഒരാഴ്ചയായി നിറഞ്ഞൊഴുകുന്നത്. സമീപത്തെ കിണറുകളിലൊന്നും ഈ പ്രതിഭാസം ഇല്ല.
വെള്ളം ഉയരുന്നതോടെ കിണർ ഇടിഞ്ഞു നശിക്കുമോയെന്ന ഭീതിയിലാണ് വീട്ടുകാർ. ഏതു വഴിയാവും വെള്ളം കിണറിൽ കൂടി വരാൻ ഇടയാക്കിയതെന്നതും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു. ഇപ്പോൾ കിണർ നിറഞ്ഞ് ആൾമറയുടെ ഇടയിലൂടെയാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. ജലവിതരണ കുഴൽ പൊട്ടിയതാണോ എന്ന് പ്രാഥമിക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.