മഞ്ചേരി: മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി ചോർത്താനാണ് പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ മൈസൂരുവിലെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുവന്ന് ക്രൂരമായി കൊലപ്പെടുത്തുന്നത്.
മൈസൂരു രാജീവ് നഗറില്‍ പാരമ്പര്യ ചികിത്സ നടത്തിയിരുന്നയാളാണ് ഷാബാ ഷരീഫ്. ഒറ്റമൂലി മനസ്സിലാക്കി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെയും കൂട്ടാളികളുടെയും ലക്ഷ്യം. മൈസൂരുവിലെ ലോഡ്ജില്‍ താമസിക്കുന്ന വയോധികയായ രോഗിയെ ചികിത്സിക്കാനാണെന്ന വ്യാജേനയാണ് ഷരീഫിനെ, രോഗാവസ്ഥയിലായിട്ടും വീട്ടില്‍നിന്ന് നിര്‍ബന്ധിച്ച് ബൈക്കിൽ കൂട്ടിക്കൊണ്ടുപോയത്. ഏറെ കഴിഞ്ഞിട്ടും കാണാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകി.
അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാതെ വന്നതോടെ ഷരീഫിന്‍റെ കുടുംബം ജനപ്രതിനിധികളെ ഉൾപ്പെടെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് നിലമ്പൂര്‍ പൊലീസ് ഷരീഫിന്റെ വീട്ടിലെത്തുന്നത്. ഷരീഫിനെ കൊലപ്പെടുത്തി പുഴയില്‍ എറിഞ്ഞുവെന്ന വാര്‍ത്തയാണ് കുടുംബത്തെ കാത്തിരുന്നത്. 2020 ഒക്ടോബർ എട്ടിനാണ് ഷരീഫിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി പ്രതികൾ ചാലിയാറിൽ ഒഴുക്കുന്നത്. നാവികസേനാ സംഘത്തെ ഉൾപ്പെടെ തിരച്ചിലിന് ഇറക്കിയെങ്കിലും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല.
ഷൈബിന്‍റെ വീടിന്റെ ഒന്നാംനിലയില്‍ പ്രത്യേകം മുറി തയാറാക്കിയാണ് ഷാബാ ഷരീഫിനെ പീഡിപ്പിച്ചത്. ഒരുവര്‍ഷത്തിലേറെ പീഡിപ്പിച്ചിട്ടും രഹസ്യം വെളിപ്പെടുത്തിയില്ല. മർദനത്തിനിടെയാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളി. ഷൈബിൻ ഉപയോഗിച്ച കാറിൽനിന്നു ലഭിച്ച മുടി ഷാബാ ഷരീഫിന്റേതാണെന്ന ഡി.എൻ.എ പരിശോധനാഫലമാണ് കേസിൽ നിർണായകമായത്.