ഒരു രൂപക്ക് ഒരു മാസത്തേക്ക് പ്രതിദിനം 2ജി.ബി ഡാറ്റ, അൺലിമിറ്റഡ് കോൾ; ദീപാവലി ഓഫറുമായി ബി.എസ്.എൻ.എൽ

news image
Oct 20, 2025, 11:12 am GMT+0000 payyolionline.in

രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ( ബി.എസ്.എൻ.എൽ) ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണെന്ന് തന്നെ പറയാം. ഇടക്കാലത്ത് ശോഭ ചെറുതായൊന്ന് മങ്ങിയിരുന്നെങ്കിലും അതിനെ കൂടുതൽ തിളക്കമുള്ളതാക്കാൻ ഒരുങ്ങുകയാണിപ്പോൾ. ദീപാവലി പ്രമാണിച്ച് നിരവധി കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളാണ് ബി.എസ്.എൻ.എൽ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ ബി.എസ്.എൻ.എൽ കണക്ഷൻ എടുക്കുന്നവർക്ക് കേവലം ഒരു രൂപ ചിലവിൽ ഒരു മാസത്തേക്ക് പ്രതിദിനം 2ജി.ബി ഹൈ സ്പീഡ് ഇന്റർനെറ്റ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്ന പ്ലാൻ ആണ് അവതരിപ്പിച്ചിരിക്കുന്നത്.അൺലിമിറ്റഡ് കോൾ, 100 എസ്.എം.എസ് എന്നിവയാണ് പ്ലാനിലുള്ള മറ്റ് ആനുകൂല്യങ്ങൾ. ‘ദീപാവലി ബൊനാൻസ 2025’ ഓഫറിന്റെ ഭാഗമായാണ് ഇ പ്ലാൻ.

നവംബർ 15നുള്ളിൽ പുതിയ കണക്ഷൻ എടുക്കുന്നവർക്കാണ് ഈ ഓഫർ ലഭിക്കുന്നത്. കെ.വൈ.സി നടപടിക്രമങ്ങൾക്ക് ശേഷം സിം ലഭിക്കും. സിം ആക്ടിവേറ്റ് ആകുന്ന ദിവസം മുതൽ 30 ദിവസത്തേക്കാണ് ആനുകൂല്യങ്ങൾ ലഭ്യമാവുക.

ആഗസ്റ്റിൽ കമ്പനി സമാനമായ ഒരു ‘ഫ്രീഡം ഓഫർ’ അവതരിപ്പിച്ചിരുന്നു. ഇത് ആ മാസം 1.3 ലക്ഷത്തിലധികം പുതിയ ഉപയോക്താക്കളെ ചേർക്കാൻ സഹായിച്ചു. പുതിയ കൂട്ടിച്ചേർക്കലുകളിൽ എയർടെല്ലിനെ പോലും മറികടന്നു.

രാജ്യവ്യാപകമായി തങ്ങളുടെ 4ജി നെറ്റ്‌വർക്ക് വിപുലീകരിക്കുന്ന പ്രവൃത്തികൾ ബി.എസ്.എൻ.എൽ അതിവേഗത്തിൽ പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ്.സേവനങ്ങൾക്ക് ഈടാക്കുന്ന തുക മറ്റ് ടെലികോം കമ്പനികൾ കുത്തനെ ഉയർത്തുന്ന സാഹചര്യത്തിൽ ബി.എസ് എൻ.എലിന്‍റെ പ്ലാനുകൾ ഉപയോക്താക്കളെ ആകർഷിക്കുന്നുണ്ട്. എന്നാൽ ഉപയോക്താക്കൾ നേരിടുന്ന പ്രശ്നം സ്വകാര്യ ടെലികോം കമ്പനികൾ 5ജിയിലേക്ക് മാറുന്ന ഘട്ടത്തിലും ബി.എസ്.എൻ.എലിന്‍റെ നെറ്റ് വർക്ക് വേഗതയാണ്. ഈ പ്രശ്നത്തെ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തുടനീളം 4ജി നെറ്റ്‌വർക്ക് വിപുലീകരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe