ഒരു മഴ പെയ്തതാ… ആകെ ചുവന്നുപോയി

news image
Dec 18, 2025, 3:33 pm GMT+0000 payyolionline.in

തെഹ്റാൻ: ഒരു മഴ പെയ്താൽ ഭൂമിയുടെ നിറം മാറുമോ? കേൾക്കുമ്പോൾ അസാധ്യമെന്ന് തോന്നുമെങ്കിലും അങ്ങനെ നടക്കുമെന്നാണ് സമീപകാലത്തെ ഒരു സംഭവം വ്യക്തമാക്കുന്നത്. തീവ്രമായ മഴയെത്തുടർന്ന് ഇറാനിലെ ഹോർമുസ് ദ്വീപിന്റെ തീരപ്രദേശങ്ങൾ ഒറ്റരാത്രികൊണ്ടാണ് ചുവപ്പ് നിറത്തിലായത്. അതിശയിപ്പിക്കുന്ന ഈ പ്രതിഭാസം ആഗോളതലത്തിൽ ചർച്ചാവിഷയമായി. കടൽത്തീരങ്ങളും ആഴം കുറഞ്ഞ പ്രദേശത്തെ ജലത്തിനും ചുവപ്പ് നിറമായി എന്നാണ് റിപ്പോർട്ടുകൾ. ഈ പ്രതിഭാസം പൂർണമായും സ്വാഭാവികവും നിരുപദ്രവകരവുമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

 

 

ഹോർമുസ് ഇരുമ്പ് ഓക്സൈഡാൽ (പ്രത്യേകിച്ച് ഹെമറ്റൈറ്റ്) സമ്പന്നമാണ്. മണ്ണിനും പാറകൾക്കും ആഴത്തിലുള്ള ചുവപ്പ് നിറം നൽകുന്ന ഒരു ധാതുവാണ് ഹെമറ്റൈറ്റ്. ഇരുമ്പ് സമ്പുഷ്ടമായ ഭൂപ്രദേശത്തിലൂടെ മഴവെള്ളം ഒഴുകുമ്പോൾ അത് ലയിച്ച് ഇരുമ്പ് ഓക്സൈഡ് കണികകളെ തീരത്തേക്ക് കൊണ്ടുപോകുന്നു. ഇതിന്റെ ഫലമായി മണലിലും വെള്ളത്തിലും ചുവപ്പ് നിറമുണ്ടാകുന്നുവെന്നാണ് ഭൂമിശാസ്ത്രജ്ഞരുടെ ഭാഷ്യം. മണ്ണൊലിപ്പ് കൂടുതൽ സജീവമായ പ്രദേശങ്ങളിലാണ് ഈ പ്രതിഭാസം കൂടുതലായി കാണപ്പെടുന്നത്. ചൊവ്വയുടെ ഉപരിതലം ചുവപ്പ് നിറത്തിൽ കാണപ്പെടാനുള്ള കാരണവും ഹെമറ്റൈറ്റിന്റെ നിക്ഷേപമാണ്.

 

പേർഷ്യൻ ഗൾഫിലെ മഴവില്ല് ദ്വീപ് എന്നാണ് ഹോർമുസ് അറിയപ്പെടുന്നത്. വർണ്ണാഭമായ ഭൂപ്രകൃതിയുള്ളതിനാലാണ് ദ്വീപ് അത്തരത്തിൽ വിശേഷിപ്പിക്കപ്പെടുന്നത്. മഞ്ഞ, ഓറഞ്ച് തുടങ്ങിയി വിവിധ ഷെയ്ഡുകളിലുള്ള നിറങ്ങൾ ദ്വീപിന്റെ പലഭാ​ഗത്തെയും ഭൂപ്രകൃതിയിൽ കാണാം. വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമായ ഡെസ്റ്റിനേഷനുകളിലൊന്നാണ് ഹോർമുസ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe