‘ഒരുസാധാരണ മനുഷ്യന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു, അർജുന്റെ അമ്മക്ക് കൊടുത്ത വാക്ക് പാലിച്ചു’; വിതുമ്പി മനാഫ്

news image
Sep 25, 2024, 12:13 pm GMT+0000 payyolionline.in

മം​ഗലൂരു: അർജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയതോടെ വിങ്ങിപ്പൊട്ടി ലോറി ഉടമയും സുഹൃത്തുമായ മനാഫ്. തിരച്ചിൽ നടക്കുന്നിടത്തുനിന്നാണ് മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരുസാധാരണ മനുഷ്യന് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്തെന്നും അർജുന്റെ അമ്മയ്ക്ക് നൽകിയ വാക്ക് താൻ പാലിച്ചെന്നും വൈകാരികമായി മനാഫ് പ്രതികരിച്ചു. നിരവധി പ്രതിസന്ധികൾ നേരിട്ടു. അർജുനെയും കൊണ്ടേ മടങ്ങൂ എന്ന് അവന്റെ അമ്മയ്ക്ക് വാക്ക് നൽകിയിരുന്നു. തിരച്ചിൽ തുടരാൻ മുട്ടാത്ത വാതിലുകളില്ല. ഒരാൾ ഒരു കാര്യം തീരുമാനിച്ചിറങ്ങിയാൽ എന്ത് പ്രതിസന്ധിയുണ്ടായാലും നടക്കുമെന്നും മനാഫ് പറഞ്ഞു.

ലോറിക്ക് അധികം പരിക്കുണ്ടാകില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. ക്യാബിൻ ചിന്നിച്ചിതറില്ല. അമ്മയ്ക്ക് നൽകിയ ഉറപ്പ് പാലിച്ചു. തോൽക്കാൻ എന്തായാലും മനസ്സുണ്ടായിരുന്നില്ല. അവനെയും കൊണ്ടേ പോകൂവെന്നും മനാഫ് പറഞ്ഞു. ജൂലൈ 16നായിരുന്നു ഷിരൂരിലെ മണ്ണിടിച്ചിലിൽ അർജുനെ കാണാതാകുന്നത്.

അതേസമയം, അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയില്ലാതെ വിട്ട് നൽകാൻ കാർവാർ ജില്ലാ ഭരണ കൂടം തീരുമാനിച്ചു. 72 ദിവസങ്ങൾക്ക് ശേഷമാണ് നദിക്കടിയിലെ ലോറിയിലെ ക്യാബിനിൽ നിന്നും അർജുന്റെ മൃതദേഹം പുറത്തെടുത്തത്. മണ്ണിടിച്ചിലുണ്ടാകുന്ന സമയത്ത് അർജുൻ ലോറിയിൽ കിടന്നുറങ്ങുന്നത് കണ്ടുവെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം പരിശോധനയില്ലാതെ ബന്ധുക്കൾക്ക് വിട്ട് നൽകുന്നത്.

നേരത്തെ ഇതുവഴി കടന്നുപോയ ലോറി ഡ്രൈവറാണ് അർജുന്റെ ലോറി സ്ഥലത്തുണ്ടായിരുന്നുവെന്നും ലോറിയിലെ ക്യാബിനിൽ കിടന്നുറങ്ങുന്നത് കണ്ടുവെന്നും സ്ഥിരീകരിച്ചത്. ഈ സാക്ഷി മൊഴി അടിസ്ഥാനമാക്കിയാണ് ഡിഎൻഎ ടെസ്റ്റ് ഇല്ലാതെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകുന്നത്. ‌ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹം ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയിലാണ് കണ്ടെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe