ഒമാനില്‍ മൈനകളും കാക്കകളും ഭീഷണിയാകുന്നു; തുരത്താനുള്ള രണ്ടാം ഘട്ട ക്യാമ്പയിന്‍ ഇന്ന് മുതല്‍

news image
Sep 4, 2023, 11:08 am GMT+0000 payyolionline.in

മസ്‌കറ്റ്: ഒമാന്റെ പരിസ്ഥിതിക്കും കാര്‍ഷിക വിളകള്‍ക്കും ഭീഷണിയാകുന്ന മൈനകളെയും കാക്കകളെയും തുരത്താനുള്ള രണ്ടാം ഘട്ട ക്യാമ്പയിന്‍ ദോഫാര്‍ ഗവര്‍ണറേറ്റില്‍ തിങ്കളാഴ്ച തുടങ്ങും. ആദ്യ ഘട്ടത്തില്‍ 60,320 മൈനകളെയും 43,753 ഇന്ത്യന്‍ കാക്കകളുമടക്കം 1,04,073 പക്ഷികളയാണ് ഇല്ലാതാക്കിയത്.

സെപ്തംബര്‍ നാലു മുതല്‍ ഏഴു വരെ സദ, 10-15 വരെ മിര്‍ബാത്ത്, 17-28 വരെ താഖ എന്നീ പ്രദേശങ്ങളിലാണ് പക്ഷികളെ തുരത്താനുള്ള ശ്രമങ്ങള്‍ നടക്കുക. രണ്ടാം ഘട്ട ക്യാമ്പയിനിന്റെ സമാപന പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ 26 വരെ സലാലയില്‍ നടക്കും. വരും മാസങ്ങളില് മസ്‌കറ്റ്, വടക്കന്‍ ബാത്തിന എന്നിങ്ങനെ മറ്റ് ഗവര്‍ണറേറ്റുകളിലും അധിനിവേശ പക്ഷികളെ തുരത്താനുള്ള നടപടികള്‍ തുടരും. പക്ഷികള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കെണിവെച്ച് പിടിച്ചും എയര്‍ഗണ്‍ ഉപയോഗിച്ചുമാണ് ഇവയെ ഇല്ലാതാക്കാന്‍ ശ്രമം തുടരുന്നത്.

മൈനകളും കാക്കകളും കൃഷികളും മറ്റും വ്യാപകമായി നശിപ്പിക്കാറുണ്ട്. ഗോതമ്പ്, നെല്ല്, മുന്തിരി, ആപ്രിക്കോട്ട് എന്നിവയുള്‍പ്പെടെ ഈ പക്ഷികള്‍ നശിപ്പിക്കുന്നുണ്ട്. മൈനകളുടെയും കാക്കകളുടെയും ശല്യം വര്‍ധിച്ചതോടെയാണ് പരിസ്ഥിതി അതോറിറ്റി ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയത്. ഒമാനില്‍ 1,60,000ലേറെ മൈനകളുണ്ടെന്നാണ് കണക്കാക്കുന്നത്. മറ്റ് പക്ഷികളുടെ മുട്ടകള്‍ മൈനകള്‍ നശിപ്പിക്കുന്നത് ജൈവവൈവിധ്യത്തിന് തന്നെ ഭീഷണിയാവുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe