തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റ് പുറത്തിറക്കി. 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് സെപ്റ്റംബർ 27നാണ് നടക്കുക. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഓണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തത്. സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ നടന്ന ചടങ്ങിൽ എംഎൽഎമാരായ ആൻ്റണി രാജു, വികെ പ്രശാന്ത് എന്നിവർ പങ്കെടുത്തു.
തിരുവോണം ബമ്പർ BR 105 ലോട്ടറിയുടെ രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്കാണ് ലഭിക്കുക. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേരുടെ കൈകളിലേക്ക് എത്തുംയ നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പരമ്പരകൾക്കാണ് നൽകുക. അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പരമ്പരകൾക്ക് ലഭിക്കും.തിരുവോണം ബമ്പർ നറുക്കെടുപ്പിൻ്റെ കൂടുതൽ വിവരങ്ങൾ www.statelottery.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. കേരളത്തില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്നതാണ് തിരുവോണം ബമ്പറെന്ന് ലോട്ടറി പ്രകാശന വേളയിൽ മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. മികച്ച സമ്മാന ഘടനയാണ് ഇതിനുള്ളത്. ഒരു ലക്ഷം പേരാണ് ലോട്ടറിയിലൂടെ ജീവിക്കുന്നത്.തിരുവോണം ബമ്പറിലൂടെ 125 കോടിയിലധികം രൂപ സമ്മാനമായി നൽകും. ഈ വര്‍ഷത്തെ തിരുവോണം ബംബര്‍ വിജയിക്കട്ടെയെന്നും ലോട്ടറി എടുക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നുവെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കഴിഞ്ഞയാഴ്ചയായിരുന്നു ഈ വർഷത്തെ സമ്മർ ബമ്പർ നറുക്കെടുത്തത്.