തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്ന് മുതൽ അപേക്ഷ നൽകാം. മുഖ്യ അലോട്ട്മെന്റുകളിലും ഒന്നാം ഘട്ട സപ്ലിമെന്ററി അലോട്ട്മെന്റിലും അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കാത്തവർക്കും രണ്ടാം സപ്ലിമെന്ററി അലോട്മെന്റിന് പരിഗണിക്കുന്നതിനായി അപേക്ഷ നൽകാം.
രാവിലെ 10 മുതൽ വ്യാഴം വൈകിട്ട് 4 മണി വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാത്തവർക്ക് ഒരു അവസരം കൂടി ഇപ്പോൾ ലഭിക്കുന്നുണ്ട്. തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും ലഭിച്ചിട്ടും പ്രവേശനം നടത്താൻ സാധിക്കാത്തവർക്കും രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനായി അപേക്ഷിക്കാം. അപേക്ഷയിലെ തെറ്റുകൾ തിരുത്തിയാണ് പുതിയ അപേക്ഷ നൽകേണ്ടത്.
നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം ലഭിച്ചവർക്കും അലോട്ട്മെന്റ് ലഭിച്ചിട്ട് ഹാജരാകാഞ്ഞവർക്കും ( നോൺ ജോയിനിങ്) മെറിറ്റ് ക്വാട്ടയിൽ നിന്നും പ്രവേശനം നേടിയ ശേഷം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം ടിസി വാങ്ങിയവർക്കും വീണ്ടും അപേക്ഷിക്കാനാവില്ല.
രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനായുള്ള ഓരോ സ്‌കൂളുകളിലെയും സീറ്റ് ഒഴിവുകളും മറ്റ് വിവരങ്ങളും രാവിലെ 9 മണി മുതൽ അഡ്‌മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in ൽ ലഭ്യമാണ്. നിലവിൽ എല്ലാ വിദ്യാലയങ്ങളിലും സപ്ലിമെന്ററി അലോട്ട്മെന്റുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ഹെൽപ്പ് ഡെസ്‌കുകളെ സജ്ജീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.